30 വര്‍ഷത്തിനിടെ ആദ്യമായി 10 വിദേശ അംബാസഡര്‍മാരെ നേരിട്ട് സ്വീകരിച്ച് കിം ജോങ് ഉന്‍

30 വര്‍ഷത്തിനിടെ ആദ്യമായി 10 വിദേശ അംബാസഡര്‍മാരെ നേരിട്ട് സ്വീകരിച്ച് കിം ജോങ് ഉന്‍


പ്യോങ്യാങ്: മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി വിദേശ രാജ്യങ്ങളുടെ 10 അംബാസഡര്‍മാരെ നേരിട്ട് സ്വീകരിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കുന്ന രാഷ്ട്രങ്ങളുമായുള്ള വിദേശബന്ധങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുതിയതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് അധികാരപത്രങ്ങള്‍ സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു കിമ്മിന്റെ പ്രഖ്യാപനം. റഷ്യന്‍ അംബാസഡറും ചടങ്ങില്‍ പങ്കെടുത്തു.

ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സാധാരണയായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇത്തരം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാറുള്ളത്. എന്നാല്‍ പതിവില്‍നിന്ന് വ്യത്യസ്തമായി കിം നേരിട്ട് ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.

ഔദ്യോഗിക വസ്ത്രവും ടൈയും ധരിച്ചെത്തിയ കിം, വിദേശ നയതന്ത്ര പ്രതിനിധികളില്‍നിന്ന് അധികാരപത്രങ്ങള്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ കെ സി എന്‍ എ പുറത്തുവിട്ടു. വിദേശകാര്യ മന്ത്രി ചോയ് സോന്‍ ഹുയിയും ചടങ്ങില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഓരോ നയതന്ത്ര പ്രതിനിധിയുമായും കിം കൂടിക്കാഴ്ച നടത്തുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

സ്വാതന്ത്ര്യം, സമാധാനം, സൗഹൃദം എന്നീ ആശയങ്ങളില്‍ അധിഷ്ഠിതമായി രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിച്ചുകൊണ്ട് വിദേശബന്ധങ്ങള്‍ വികസിപ്പിക്കുകയാണ് പ്യോങ്യാങ്ങിന്റെ നയതന്ത്ര ലക്ഷ്യമെന്ന് കിം പറഞ്ഞു.

ലോകം നിലവില്‍ അസ്ഥിരമായ സുരക്ഷാ പ്രതിസന്ധിയിലൂടെയും രാഷ്ട്രീയ- സാമ്പത്തിക അരാജകത്വത്തിലൂടെയും കടന്നുപോകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ ദേശീയ പരമാധികാരത്തെയും സുരക്ഷയെയും കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആധിപത്യമോ വികാസവാദമോ ഉത്തരകൊറിയ ലക്ഷ്യമിടുന്നില്ലെന്നും കിം വ്യക്തമാക്കി.

അതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ കിമ്മുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പ്രകാരം, കിമ്മിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ട്രംപിന്റെ കത്ത് ഉത്തരകൊറിയയുടെ ഐക്യരാഷ്ട്രസഭാ നയതന്ത്ര പ്രതിനിധിക്ക് കൈമാറിയിരുന്നു. എന്നാല്‍ കത്ത് തുറന്നുപോലും നോക്കാതെ തിരിച്ചയച്ചതായാണ് റിപ്പോര്‍ട്ട്.

ഏഷ്യന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുമ്പും കിമ്മുമായി കൂടിക്കാഴ്ച നടത്താനുള്ള താല്‍പര്യം ട്രംപ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

ട്രംപ് ആദ്യമായി അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ കിമ്മുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സിംഗപ്പൂരിലും വിയറ്റ്‌നാമിലും കൊറിയന്‍ സൈനികവിമുക്ത മേഖലയിലുമായിരുന്നു കൂടിക്കാഴ്ചകള്‍. അവസാന കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് ഉത്തരകൊറിയന്‍ മണ്ണില്‍ ഏതാനും നിമിഷങ്ങള്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.