പാകിസ്ഥാനില്‍ ഉദ്യോഗസ്ഥരുടെ കൂട്ടപ്പലായനമെന്ന് ഖ്വാജ ആസിഫ്; സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതായി സൂചന

പാകിസ്ഥാനില്‍ ഉദ്യോഗസ്ഥരുടെ കൂട്ടപ്പലായനമെന്ന് ഖ്വാജ ആസിഫ്; സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതായി സൂചന


ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിദേശരാജ്യങ്ങളിലേക്ക് സ്ഥിരതാമസം മാറുന്നതിനെച്ചൊല്ലി ആശങ്കയുയര്‍ത്തി പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്നതിനിടെത്തന്നെ നിരവധി ഉദ്യോഗസ്ഥര്‍ വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പാക് സൈനിക മേധാവി അസിം മുനീറിന്റെ അധികാരവും സ്വാധീനവും വര്‍ധിക്കുന്നതിനിടെയാണ് രാജ്യത്തെ ഭരണസംവിധാനത്തിലെ ഈ പ്രവണത ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാക് ബ്യൂറോക്രസിയിലെ നിരവധി ഉദ്യോഗസ്ഥര്‍ കാനഡ, അമേരിക്ക, ബ്രിട്ടന്‍, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥിരതാമസമാക്കിയതായി ഖ്വാജ ആസിഫ് സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. പാകിസ്ഥാനിലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുമ്പോള്‍ത്തന്നെ വിദേശത്തേക്ക് മാറുന്നതിനുള്ള നീക്കങ്ങള്‍ ആസൂത്രിതമായി നടത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഉദ്യോഗസ്ഥരുടെ വിദേശത്തേക്കുള്ള ഈ 'കൂട്ടപ്പലായനത്തില്‍' സമീപകാലത്ത് പോര്‍ച്ചുഗല്‍ പ്രധാന ലക്ഷ്യസ്ഥാനമായി മാറിയെന്നും പ്രതിരോധമന്ത്രി പറഞ്ഞു. വിഷയത്തില്‍ പേരുകള്‍ ഉയര്‍ന്നുവന്ന ഉദ്യോഗസ്ഥര്‍ സുപ്രധാന പദവികള്‍ വഹിച്ചിരുന്നവരും വിവിധ സര്‍ക്കാരുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുമാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, ആരോപണങ്ങള്‍ക്ക് പിന്തുണയേകുന്ന രേഖകള്‍ പുറത്തുവിടുകയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് വിദേശത്ത് സ്ഥിരതാമസാനുമതി (പെര്‍മനന്റ് റെസിഡന്‍സി) ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരുന്ന ഒരാള്‍, ഇവരില്‍നിന്ന് വന്‍തുക കൈപ്പറ്റിയശേഷം രാജ്യംവിട്ടതായും ആസിഫ് ആരോപിച്ചു.

സമ്പാദ്യവും വിശ്വസ്തതയും ചോദ്യം ചെയ്ത് മന്ത്രി

നിയമാനുസൃതവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ സമ്പത്ത് സമാഹരിക്കാന്‍ അവസരം ലഭിച്ച ഉദ്യോഗസ്ഥരുടെ രാജ്യത്തോടുള്ള കൂറും മന്ത്രി ചോദ്യം ചെയ്തു. രാഷ്ട്രീയക്കാരുടെ പിന്തുണയും അനുകൂല്യങ്ങളും പ്രയോജനപ്പെടുത്തിയ ഇത്തരം ഉദ്യോഗസ്ഥരുടെ വിശ്വസ്തത സംശയാതീതമാണോയെന്നും അദ്ദേഹം ചോദിച്ചു.

വിദേശത്ത് സ്ഥിരതാമസമാക്കുന്നതിന് മുമ്പുള്ള താത്ക്കാലിക ഇടത്താവളമായി മാത്രമാണോ ചിലര്‍ പാകിസ്ഥാനെ കാണുന്നതെന്നും ആസിഫ് സംശയമുന്നയിച്ചു.

പ്രതിരോധമന്ത്രിയുടെ ആരോപണങ്ങള്‍ പാകിസ്ഥാനിലെ സിവിലിയന്‍ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള അധികാരബന്ധങ്ങളെ വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തില്‍ ചരിത്രപരമായി നിര്‍ണായക സ്വാധീനം ചെലുത്തിവന്നിട്ടുള്ള സൈന്യത്തിന്റെ ശക്തമായ സാന്നിധ്യത്തിലാണ് പാക് ഉദ്യോഗസ്ഥവൃന്ദം പ്രവര്‍ത്തിക്കുന്നത്.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) സര്‍ക്കാര്‍, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് അധികാരത്തിലുള്ളത്. അതേസമയം, സൈനിക മേധാവി അസിം മുനീറിനെ ആശ്രയിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന വിലയിരുത്തലുകളും നിലനില്‍ക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വാസവും അനുകൂല സമീപനവും നേടിയതോടെ മുനീറിന്റെ സ്വാധീനം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളിലെ വിലയിരുത്തല്‍. രാജ്യത്തെ ഭരണസംവിധാനത്തില്‍ മുനീര്‍ നടപ്പാക്കിയ മാറ്റങ്ങള്‍ ജനാധിപത്യ- ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തിയെന്നാണ് വിമര്‍ശകരുടെ ആരോപണം.

എന്നാല്‍, ഉദ്യോഗസ്ഥരുടെ വിദേശത്തേക്കുള്ള നീക്കങ്ങളെക്കുറിച്ചുള്ള പ്രതിരോധമന്ത്രിയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകളോ ഔദ്യോഗിക വിശദീകരണങ്ങളോ പുറത്തുവന്നിട്ടില്ല.