തെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖംനേയി കൊല്ലപ്പെട്ട് നാല് മാസത്തിന് ശേഷം വെള്ളിയാഴ്ച അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ തെഹ്റാനില്‍ ആരംഭിച്ചു. ജൂലൈ 9ന് വടക്കുകിഴക്കന്‍ നഗരമായ മഷ്ഹദില്‍ സംസ്‌കാരത്തോടെ ചടങ്ങുകള്‍ സമാപിക്കും.
നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉദ്യോഗസ്ഥരും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഘായി അറിയിച്ചു.
ജൂലൈ 4 മുതല്‍ 6 വരെ ഖംനേയിയുടെ ഭൗതികശരീരം തെഹ്റാനിലെ ഇമാം ഖൊമൈനി ഗ്രാന്‍ഡ് മൊസല്ലയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ജൂലൈ 6ന് ഇമാം ഹുസൈന്‍ സ്‌ക്വയറില്‍ നിന്ന് ആസാദി സ്‌ക്വയര്‍ വരെയുള്ള 10 കിലോമീറ്റര്‍ ദൂരത്തില്‍ വന്‍ അനുശോചന ഘോഷയാത്ര നടക്കും. തുടര്‍ന്ന് ജൂലൈ 7ന് ചടങ്ങുകള്‍ ഖോം നഗരത്തിലേക്ക് മാറ്റി ഫാത്തിമ മസൂമയുടെ ദര്‍ഗയും ജംകരാന്‍ പള്ളിയും തമ്മിലുള്ള പാതയിലൂടെ പ്രദക്ഷിണം നടത്തും.
ചില അന്തര്‍ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷിയ വിശുദ്ധ നഗരങ്ങളായ ഇറാഖിലെ നജഫിലും കര്‍ബലയിലും പ്രത്യേക അനുസ്മരണച്ചടങ്ങുകള്‍ക്കായി ഖംനേയിയുടെ ഭൗതികശരീരം കൊണ്ടുപോകുമെന്നും സൂചനയുണ്ട്.
അവസാനമായി ഷിയ മുസ്ലിംകളുടെ വിശുദ്ധ കേന്ദ്രങ്ങളിലൊന്നായ ഇമാം റിസയുടെ ദര്‍ഗയ്ക്ക് സമീപം മഷ്ഹദില്‍ ഖമേനിയെ സംസ്‌കരിക്കും. അവിടെ സംസ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇതോടെ സാക്ഷാത്കരിക്കപ്പെടും.
ഫെബ്രുവരി 28ന് അമേരിക്ക- ഇസ്രായേല്‍ സൈനിക ആക്രമണത്തിലാണ് ഏകദേശം 37 വര്‍ഷം ഇറാനെ നയിച്ച ഖംനേയി കൊല്ലപ്പെട്ടത്.
യുദ്ധം തുടര്‍ന്നതിനാല്‍ വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന സംസ്‌കാരച്ചടങ്ങ് നടത്തുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന് ഇറാന്‍ വിലയിരുത്തിയതാണ് നാല് മാസം വൈകാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയാല്‍ കൂടുതല്‍ ആളപായമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഭരണകൂടത്തിനുണ്ടായിരുന്നു. ഇതിനിടെ ഖംനേയിയുടെ ഭൗതികശരീരം താത്ക്കാലികമായി സംസ്‌കരിച്ചെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും ഇറാന്‍ അത് നിഷേധിച്ചു. അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധസാഹചര്യം നിലനിന്നതാണ് കാലതാമസത്തിന് കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു.
പുതിയ പരമോന്നത നേതാവുള്‍പ്പെടെയുള്ള ഉന്നത നേതൃത്വത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതും ചടങ്ങുകള്‍ക്കാവശ്യമായ വിപുലമായ ക്രമീകരണങ്ങളും നഗരവ്യാപക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടതുമാണ് വൈകാന്‍ മറ്റൊരു കാരണമായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇസ്ലാമിക ആചാരപ്രകാരം രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള എംബാമിംഗ് സാധാരണയായി പ്രോത്സാഹിപ്പിക്കാറില്ല. അതിനാല്‍ ഖംനേയിയുടെ ഭൗതികശരീരം പ്രത്യേക ശീതീകരണ സംവിധാനത്തിലോ കോള്‍ഡ് സ്റ്റോറേജിലോ സൂക്ഷിച്ചിരുന്നിരിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
തീവ്രവാദ വിരുദ്ധ വിദഗ്ധന്‍ ഡോ. മുഹമ്മദ് ഒമര്‍, ഷിയ മതനിയമപ്രകാരം അസാധാരണ സാഹചര്യങ്ങളില്‍ ശീതീകരണത്തിലൂടെ മൃതദേഹം സംരക്ഷിച്ചുകൊണ്ട് സംസ്‌കാരം വൈകിക്കുന്നത് അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ടു. ഇറാനിലെ ഫോറന്‍സിക് മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ മാസങ്ങളോളം ശീതീകരണത്തില്‍ സൂക്ഷിക്കുന്ന പതിവുള്ളതിനാല്‍ നാല് മാസം മൃതദേഹം സൂക്ഷിച്ചതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
