ലണ്ടന്‍: ഉത്തര അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങള്‍ അക്രമാസക്തമായത് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ശക്തമായി അപലപിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഖംമൂടി ധരിച്ച സംഘം വീടുകള്‍ക്ക് തീയിടുകയും കുടുംബങ്ങളെ വീടുകളില്‍ നിന്ന് പുറത്താക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
സമൂഹങ്ങളെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള അക്രമത്തിനും അരാജകത്വത്തിനും യാതൊരു ന്യായീകരണവുമില്ലെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങളില്‍ ചിലരെ അവരുടെ പശ്ചാത്തലത്തിന്റെ പേരില്‍ ലക്ഷ്യമിട്ടതാണെന്ന് വ്യക്തമാണെന്നും അത് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഇതിന് ഉത്തരവാദികളായവര്‍ നിയമത്തിന്റെ പൂര്‍ണ ശക്തി അനുഭവിക്കുമെന്നും നിലവില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണംമെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് കെമി ബാഡനോക്കും പ്രധാനമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചു. ആരെയും അവരുടെ വീടുകളില്‍ നിന്ന് തീകൊളുത്തി പുറത്താക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അവര്‍ പറഞ്ഞു.
അതേസമയം, തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രതിഷേധാഹ്വാനങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. സ്‌പേസ് എക്സ് സി ഇ ഒ എലോണ്‍ മസ്‌ക്, ടോമി റോബിന്‍സണ്‍ എന്നറിയപ്പെടുന്ന സ്റ്റീഫന്‍ യാക്സ്ലി- ലെനണ്‍ രാജ്യവ്യാപക കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പോസ്റ്റ് റീപോസ്റ്റ് ചെയ്തിരുന്നു. തുടര്‍ച്ചയായും ശക്തമായും പ്രതിഷേധിച്ചാല്‍ മാത്രമേ മാറ്റമുണ്ടാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്റ്റീഫന്‍ ഒഗില്‍വി എന്ന നാല്‍പ്പതുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സുഡാന്‍ സ്വദേശി ഹാദി അലോദിദ് എന്ന മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. പൊതുനിരത്തില്‍ വെച്ച് കത്തി ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ആക്രമണത്തില്‍ സ്റ്റീഫന്‍ ഒഗില്‍വിയുടെ മുഖത്തും കഴുത്തിലും പുറത്തും ഗുരുതര പരിക്കേറ്റു. ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായും വലത് കണ്ണിനും സാരമായ ക്ഷതം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
തുടര്‍ന്ന് ബെല്‍ഫാസ്റ്റില്‍ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മുഖംമൂടി ധരിച്ച പ്രതിഷേധക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകള്‍ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും വാഹനങ്ങള്‍ക്കും ബസുകള്‍ക്കും തീയിടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഹാദി അലോദിദ് നിലവില്‍ റിമാന്‍ഡിലാണ്. 2023-ലാണ് അദ്ദേഹം ബ്രിട്ടനിലെത്തിയതെന്നും 2028 വരെ സാധുതയുള്ള താമസാനുമതി അദ്ദേഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇംഗ്ലണ്ടിന്റെ തെക്കന്‍ മേഖലകളില്‍ നടന്ന പ്രതിഷേധങ്ങളോടുള്ള പൊലീസ് നടപടികളെ ചൊല്ലിയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബെല്‍ഫാസ്റ്റിലെ സംഭവവികാസങ്ങള്‍ കൂടുതല്‍ രൂക്ഷമായതെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, സംഭവങ്ങളുമായി ബന്ധപ്പെട്ട വിവിധ അവകാശവാദങ്ങളുടെ ആധികാരികതയെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
