നബാത്തിയ (ലെബനൻ): ദക്ഷിണ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വനിത മാധ്യമപ്രവർത്തക കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതർ അറിയിച്ചു. ബുധനാഴ്ച നടന്ന ആക്രമണത്തിലാണ് അമൽ ഖലിൽ എന്ന മാധ്യമ പ്രവർത്തക മരിച്ചത്. അതേ സമയം, മറ്റൊരു മാധ്യമപ്രവർത്തകയായ സൈനബ് ഫറാജിന് ഗുരുതരമായി പരുക്കേറ്റു.
ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ നാഷണൽ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടുകൾ പ്രകാരം, അൽ അഖ്ബാർ പത്രത്തിനായി ജോലി ചെയ്തിരുന്ന അമൽ ഖലീൽ റിപ്പോർട്ടിംഗ് നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. മാർച്ചിനുശേഷം ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമപ്രവർത്തകയാണിവർ.
ദക്ഷിണ ലെബനനിലെ ടൈറി പട്ടണത്തിലാണ് ആക്രമണം നടന്നത്. ആദ്യാക്രമണത്തിന് ശേഷം ഖലീൽ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയപ്പോൾ രക്ഷാപ്രവർത്തകർ എത്താൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായതെന്ന് അധികൃതർ ആരോപിച്ചു. രക്ഷാപ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടതായും റിപ്പോർട്ടുണ്ട്.
നബാത്തിയ ജില്ലയിൽ നടന്ന ഈ ആക്രമണ പരമ്പരയിൽ നിരവധി പേർക്ക് പരിക്കേറ്റതായി അറിയുന്നു. ലെബനീസ് റെഡ് ക്രോസ് പ്രവർത്തകർ ശക്തമായ വെടിവെയ്പ്പിനിടയിലും പരിക്കേറ്റ ഫറാജിനെ രക്ഷപ്പെടുത്തി ടെബ്‌നൈൻ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്.
ആദ്യ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സമീപത്തെ ഒരു വീട്ടിൽ അഭയം തേടിയിരുന്നപ്പോഴാണ് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണങ്ങളിൽ രണ്ട് സാധാരണ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, സംഭവത്തെക്കുറിച്ച് പ്രതികരിച്ച് രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചതായി ഇസ്രായേൽ സൈന്യം സമ്മതിച്ചു. എന്നാൽ രക്ഷാപ്രവർത്തനത്തെ തടഞ്ഞുവെന്ന ആരോപണം അവർ നിഷേധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.
ദക്ഷിണ ലെബനനിൽ ഹിസ്ബുല്ലായുമായി ബന്ധമുള്ള ഒരു സൈനിക കേന്ദ്രത്തിൽ നിന്ന് രണ്ട് വാഹനങ്ങൾ സൈന്യത്തോട് ഭീഷണിപരമായി സമീപിച്ചതിനാലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. എന്നാൽ ഈ വാഹനങ്ങളിലുള്ളവർ ആരാണെന്ന് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇസ്രായേലും ഹിസ്ബുല്ലായും തമ്മിലുള്ള സംഘർഷം താൽക്കാലികമായി നിർത്തിവച്ച വെടിനിർത്തൽ നിലവിലുണ്ടായിരിക്കെയാണ് പുതിയ ആക്രമണം ഉണ്ടായത്. ഈ സംഭവത്തെ തുടർന്ന് യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്‌സും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ദക്ഷിണ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം: മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതരമായി പരുക്ക്
