അമേരിക്ക-ഇറാൻ ബന്ധത്തിൽ നിർണായക ആഴ്ചകളെന്ന് ജെ.ഡി. വാൻസ്; 'കളി ഇനിയും ബാക്കിയുണ്ട്'

അമേരിക്ക-ഇറാൻ ബന്ധത്തിൽ നിർണായക ആഴ്ചകളെന്ന് ജെ.ഡി. വാൻസ്; 'കളി ഇനിയും ബാക്കിയുണ്ട്'


വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വരാനിരിക്കുന്ന ഏതാനും ആഴ്ചകൾ നിർണായകമാകാമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു. എന്നാൽ സ്ഥിതിഗതികൾ എങ്ങനെ മന്നോട്ടപോകുമെന്നത് ഇറാന്റെ പ്രതികരണത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്കൽ നോൾസ് ഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വാൻസിന്റെ പ്രതികരണം. പശ്ചിമേഷ്യയിൽ ട്രംപ് ഭരണകൂടം സ്വീകരിച്ച നയങ്ങൾ ഫലം കാണുമോയെന്നത് ഇറാൻ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'ഇത് ചരിത്രത്തിലെ നിർണായക നിമിഷമാകാൻ സാധ്യതയുണ്ട്. എന്നാൽ അതിന്റെ ഫലം ഇറാൻ അമേരിക്കയുടെ സമ്മർദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും,' വാൻസ് പറഞ്ഞു.

ഇറാൻ അനുകൂല സമീപനം സ്വീകരിച്ചാൽ അമേരിക്ക-ഇറാൻ ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അതുണ്ടാകമോയെന്ന കാര്യത്തിൽ തനിക്കും സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആണവകരാറിൽ മാത്രം ഒതുങ്ങുന്നതല്ല അമേരിക്കയുടെ ലക്ഷ്യമെന്നും വാൻസ് വ്യക്തമാക്കി. ഇറാൻ രാജ്യത്തെ ആണവായുധ പദ്ധതികൾ പൂർണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകുകയും അത് പരിശോധനകളിലൂടെ സ്ഥിരീകരിക്കാനാകുന്ന തരത്തിലുള്ള സ്ഥിരമായ കരാറുമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം, ഗൾഫ് രാജ്യങ്ങൾ, ഇസ്രായേൽ, ലെബനൻ എന്നിവ ഉൾപ്പെടുന്ന പശ്ചിമേഷ്യയിലെ വിശാലമായ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായാണ് ഭാവിയിലെ ഏത് ധാരണയും അമേരിക്ക കാണുന്നതെന്നും വാൻസ് വ്യക്തമാക്കി.

നിലവിലെ ചർച്ചകളെക്കുറിച്ച് അതിരുകടന്ന പ്രതീക്ഷ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ വാക്കുകൾ ഉദ്ധരിച്ച്, 'ഇത് അവസാനത്തിന്റെ തുടക്കമല്ല, മറിച്ച് തുടക്കത്തിന്റെ അവസാനമാണ്' എന്നും വാൻസ് പറഞ്ഞു.

'ഇനിയും നിരവധി ഘട്ടങ്ങൾ ബാക്കിയുണ്ട്. ചർച്ചകളിൽ പല നീക്കങ്ങളും ഇനി കാണാനുണ്ട്. ഇറാൻ പ്രതികൂല നിലപാട് സ്വീകരിച്ചാലും അമേരിക്കയുടെ ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ സമ്മർദ മാർഗങ്ങൾ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്,' വാൻസ് കൂട്ടിച്ചേർത്തു.