മുംബൈ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം പുതിയ സ്ത്രീവിരുദ്ധ ശിക്ഷാനിയമം പ്രഖ്യാപിച്ചതിനെതിരെ തിരക്കഥാകൃത്തും കവിയുമായ ജാവേദ് അക്തർ കടുത്ത വിമർശനവുമായി രംഗത്തെത്തി. പുറമെ കാണാൻ കളിയുന്ന പരിക്കുകളോ അസ്ഥി പൊട്ടലോ ഉണ്ടാകാത്തവിധത്തിൽ ഭാര്യയെ മർദിക്കുന്നത് കുറ്റകരമല്ലെന്ന തരത്തിലുള്ള വ്യവസ്ഥകൾ താലിബാൻ നിയമവ്യവസ്ഥയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നതോടെയാണ് ജാവേദ് അക്തറിന്റെ പ്രതികരണം.
'താലിബാൻ ഭാര്യയെ മർദിക്കുന്നത് നിയമവിധേയമാക്കി. അസ്ഥി പൊട്ടലോ ദൃശ്യമായ പരിക്കോ ഉണ്ടായില്ലെങ്കിൽ അത് കുറ്റമല്ല. ഭർത്താവിന്റെ അനുമതിയില്ലാതെ ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്കു പോയാൽ മൂന്ന് മാസം തടവ്.' ഫെബ്രുവരി 21ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ ജാവേദ് അക്തർ കുറിച്ചു. ഇത് മതത്തിന്റെ പേരിലാണ് ചെയ്യുന്നതെന്നും ഇന്ത്യയിലെ മുഫ്തിമാരും മുല്ലമാരും ഇതിനെ നിർവ്യാജമായി അപലപിക്കണമെന്നും കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റൊരു കുറിപ്പിൽ, 'രാഷ്ട്രീയ വ്യവസ്ഥ എന്തുമാകട്ടെ, ഈ അസഭ്യരും ക്രൂരരുമായ താലിബാൻ ഭരണകൂടത്തിന് യാതൊരു വിശ്വാസ്യതയും ബഹുമാനവും നൽകരുത്,' എന്നും അക്തർ അഭിപ്രായപ്പെട്ടു.
ജാവേദ് അക്തറിന് മുൻപ് നടിമാരായ സ്വര ഭാസ്‌കറും ഗൗഹർ ഖാനും പുതിയ നിയമത്തെ വിമർശിച്ചിരുന്നു. സ്വര ഭാസ്‌കർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ 'മനുഷ്യരാശിക്കുള്ള അപമാനം' എന്ന് വിശേഷിപ്പിച്ചപ്പോൾ, ഗൗഹർ ഖാൻ 'അമിതമായി അസഹ്യത തോന്നിക്കുന്ന നടപടി' എന്നായിരുന്നു പ്രതികരിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം, താലിബാന്റെ പുതിയ നിയമപ്രകാരം ഭാര്യയെ മർദിക്കുമ്പോൾ അസ്ഥി പൊട്ടുകയോ കാണാൻ കഴിയുന്ന തരത്തിൽ ദേഹത്ത് പരിക്കുകഴോ ഉണ്ടെങ്കിൽ മാത്രമേ ഭർത്താവിനെ കുറ്റവാളിയായി കണക്കാക്കൂ. അത്തരം സാഹചര്യത്തിൽ പരമാവധി 15 ദിവസത്തെ തടവാണ് ശിക്ഷയായി നിർദേശിച്ചിരിക്കുന്നതെന്ന് താലിബാൻ നിയമ വ്യവസ്ഥയിലെ ആർട്ടിക്കിൾ 32ൽ ഉദ്ധരിച്ച് ജോർജ്ടൗൺ ഇൻസ്റ്റിറ്റിയൂട്ട് ഫോർ വിമൺ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
പുതിയ നിയമം സ്ത്രീകളുടെ അവകാശങ്ങൾ ഗുരുതരമായി ലംഘിക്കുന്നതാണെന്ന വിമർശനമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. മനുഷ്യാവകാശ സംഘടനകളും സ്ത്രീ സംഘടനകളും ഇതിനോടകം ആശങ്ക പ്രകടിപ്പിച്ചു.
ഭാര്യയെ മർദിക്കുന്നത് നിയമവിധേയമാക്കി താലിബാൻ; 'മതത്തിന്റെ പേരിൽ ക്രൂരതയെന്ന് വിമർശിച്ച് ജാവേദ് അക്തർ
