ടോക്യോ: പ്രധാനമന്ത്രി സനയെ ടകൈച്ചി പ്രഖ്യാപിച്ച അപ്രതീക്ഷിത പൊതുതെരഞ്ഞെടുപ്പിൽ ജപ്പാനിൽ ഇന്നലെ കോടിക്കണക്കിന് വോട്ടർമാർ ബൂത്തിലെത്തി. അധികാരമേറ്റതിന് മാസങ്ങൾക്കുള്ളിൽ തന്നെ ജനവിധി തേടിയ ടകൈച്ചിയുടെ നീക്കം രാഷ്ട്രീയ ഭാഗ്യപരീക്ഷയെന്ന വിലയിരുത്തലിലാണ്. പ്രാഥമിക സർവേകൾ പ്രകാരം ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും (എൽഡിപി) ജാപ്പനീസ് ഇന്നൊവേഷൻ പാർട്ടിയുമായി ചേർന്ന സഖ്യവും ചേർന്ന് താഴ്ന്ന സഭയിലെ 465 സീറ്റുകളിൽ ഏകദേശം 300 വരെ നേടുമെന്നാണ് പ്രവചനം. കഴിഞ്ഞവർഷം പാർലമെന്റിന്റെ ഇരുസഭകളിലും നിയന്ത്രണം നഷ്ടമായ എൽഡിപിക്ക് ഇത് വലിയ തിരിച്ചുവരവായിരിക്കും. നികുതി ഇളവുകളും സബ്‌സിഡികളും വാഗ്ദാനം ചെയ്ത് ചില വിഭാഗങ്ങളുടെ പിന്തുണ നേടിയ ടകൈച്ചിക്കെതിരെ, ഇതു രാജ്യത്തിന്റെ മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സമ്മർദത്തിലാക്കുമെന്ന വിമർശനവും ശക്തമാണ്.
വടക്കൻ, പടിഞ്ഞാറൻ മേഖലകളിലെ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മുൻ തെരഞ്ഞെടുപ്പിനെക്കാൾ മുൻകൂർ വോട്ടെടുപ്പ് 2.5 ശതമാനം കുറഞ്ഞതായും റിപ്പോർട്ടുണ്ട്.
മാർഗരറ്റ് താച്ചറിന്റെ ആരാധികയായ ടകൈച്ചി ജപ്പാന്റെ 'ഉരുക്ക് വനിത' ആകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ നേതാവാണ്. മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അടുത്ത അനുയായിയായ അവർ ശക്തമായ പ്രതിരോധ നയവും ദേശീയതാഭാവവും ഉയർത്തിപ്പിടിക്കുന്നു. പരമ്പരാഗത കുടുംബ-ലിംഗ കാഴ്ചപ്പാടുകളുണ്ടെങ്കിലും 18 മുതൽ 30 വരെ പ്രായമുള്ള യുവ വോട്ടർമാരിൽ ടകൈച്ചി വലിയ സ്വാധീനം നേടിയിട്ടുണ്ട്; അധികാരമേറ്റതുമുതൽ സർക്കാരിന്റെ അംഗീകാരം 70 ശതമാനത്തിന് മുകളിലാണ്. സാമൂഹ്യമാധ്യമങ്ങളിൽ 26 ലക്ഷം അനുയായികളുള്ള ടകൈച്ചിയുടെ പ്രചാരണ വീഡിയോ പത്ത് ദിവസത്തിനുള്ളിൽ 100 മില്യൺ വ്യൂ നേടി. 'സനകത്സു' എന്ന പേരിൽ ആരാധക തരംഗവും ഉയരുന്നുണ്ട്. എന്നാൽ പാർലമെന്ററി തിരഞ്ഞെടുപ്പായതിനാൽ അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ എൽഡിപി സ്ഥാനാർഥികൾ തിരിച്ചടിയാകുമെന്ന വിലയിരുത്തലും നിലനിൽക്കുന്നു. 2023ലെ ഫണ്ടുയർത്തൽ വിവാദത്തെ തുടർന്ന് നാല് മന്ത്രിമാർ രാജിവച്ചതും പാർട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. ഐക്യപ്പെട്ട പ്രതിപക്ഷവും ചെലവുകൂട്ടിയ നയങ്ങൾ ജപ്പാന്റെ സാമ്പത്തിക ദൗർബല്യം വർധിപ്പിക്കുമെന്ന ആശങ്കയും ടകൈച്ചിക്ക് വെല്ലുവിളിയാണ്. ചൈനതായ്‌വാൻ വിഷയത്തിലെ കടുത്ത നിലപാട് ബെയ്ജിങ്ങുമായുള്ള ബന്ധം പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചതായും വിമർശനം ഉയരുന്നു. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം ശക്തിപ്പെടുത്തുന്ന ടകൈച്ചിക്ക് വെള്ളിയാഴ്ച ട്രംപിന്റെ അപൂർവ പിന്തുണയും ലഭിച്ചു.
ടകൈച്ചി ഭാഗ്യപരീക്ഷണത്തിന്: ജപ്പാനിൽ അപ്രതീക്ഷിത തിരഞ്ഞെടുപ്പ്; എൽഡിപിക്ക് വൻ വിജയം പ്രവചനം
