ഹെല്‍സിങ്കി: ഇന്ത്യയുടെ ഊര്‍ജ നയങ്ങളെ ശക്തമായി പ്രതിരോധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. 2022 മുതല്‍ റഷ്യയില്‍ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങിയത് ആഗോള എണ്ണ വിപണിയെ സ്ഥിരതയിലാക്കാനും അന്താരാഷ്ട്ര വിലക്കയറ്റം നിയന്ത്രിക്കാനുമായി അമേരിക്ക തന്നെ നടത്തിയ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഫിന്‍ലന്‍ഡില്‍ നടന്ന കുല്‍ത്തരന്ത ടോക്‌സ് പരിപാടിയില്‍ 'വളര്‍ന്നുവരുന്ന ശക്തികളും പുതിയ ഭൗമരാഷ്ട്രീയ മത്സരവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് മോസ്‌കോയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് പിന്മാറുകയും പശ്ചിമേഷ്യയില്‍ നിന്ന് ബദല്‍ വിതരണ മാര്‍ഗങ്ങള്‍ തേടുകയും ചെയ്തതായി ജയശങ്കര്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി ഇന്ത്യയുടെ പ്രധാന ഊര്‍ജ പങ്കാളികളായിരുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യൂറോപ്പിന്റെ നോട്ടം ആഗോള വിപണിയില്‍ പുതിയ സമ്മര്‍ദങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള എണ്ണ വിപണി സ്ഥിരപ്പെടുത്തുന്നതിന് റഷ്യന്‍ എണ്ണ വാങ്ങണമെന്ന് അമേരിക്ക ഇന്ത്യയോട് പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞു.
ഊര്‍ജ പ്രതിസന്ധി നേരിടുന്നതില്‍ ഇന്ത്യ സ്വീകരിച്ച പ്രായോഗിക സമീപനത്തെ വിശദീകരിച്ച അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദം മൂല്യാധിഷ്ഠിതമായിരുന്നില്ലെന്ന് വിമര്‍ശിച്ചു. ആദ്യം വിപണി സ്ഥിരതയ്ക്കായി ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട അമേരിക്ക പിന്നീട് ഇന്ത്യയ്ക്കെതിരെ തീരുവ ചുമത്തുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തതിനെ അദ്ദേഹം പാശ്ചാത്യ നയങ്ങളിലെ വൈരുധ്യത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
റഷ്യ ഇന്ത്യയുടെ പ്രധാന അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടരുമ്പോള്‍ പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരനെന്നും അദ്ദേഹം വ്യക്തമാക്കി. ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയോട് ഇന്ത്യ അമിതമായ സഹാനുഭൂതി കാണിക്കുന്നുവെന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കവേ വിപണിയിലെ യാഥാര്‍ഥ്യങ്ങളാണ് ഇന്ത്യയുടെ തീരുമാനങ്ങളെ സ്വാധീനിച്ചതെന്ന് ജയശങ്കര്‍ പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങള്‍ പശ്ചിമേഷ്യന്‍ എണ്ണയുടെ വലിയൊരു പങ്ക് വാങ്ങിത്തുടങ്ങിയതോടെ ആഗോള വിപണിയില്‍ ലഭ്യമായിരുന്ന പ്രധാന എണ്ണ സ്രോതസ്സ് റഷ്യയായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലയും ലഭ്യതയും പരിഗണിച്ചാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ തീരുമാനം ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും സഹായിച്ചതിന് പുറമെ ആഗോള സമ്പദ്വ്യവസ്ഥയെ സ്ഥിരതയിലാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യാപാര- പ്രതിരോധ ബന്ധങ്ങളുടെ പേരില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ സമീപനത്തെയും ജയശങ്കര്‍ ചോദ്യം ചെയ്തു. ഇന്ത്യയുടെ ആഗോള ഇടപെടലുകള്‍ എല്ലായ്‌പ്പോഴും സമാധാനപരമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു യൂറോപ്യന്‍ രാജ്യവും ഇന്ത്യന്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇരയായിട്ടില്ലെന്നും എന്നാല്‍ ഇന്ത്യയ്ക്കെതിരായ യൂറോപ്യന്‍ ആയുധങ്ങളുടെ ഉപയോഗത്തെക്കുറിച്ച് തനിക്ക് അതേകാര്യം പറയാന്‍ കഴിയുമായിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി യൂറോപ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരന്മാരുടെ ക്ഷേമവും ദേശീയ താത്പര്യവും മുന്‍നിര്‍ത്തിയുള്ള ഇന്ത്യയുടെ സമീപനം ഉത്തരവാദിത്തമുള്ള അന്താരാഷ്ട്ര ഇടപെടലുകളുമായി യോജിച്ചുപോകുന്നതാണെന്ന് ജയശങ്കര്‍ വ്യക്തമാക്കി. ഏകപക്ഷീയമായ പാശ്ചാത്യ ഉപരോധങ്ങള്‍ക്ക് വഴങ്ങാതെ ആഗോള വ്യാപാര സ്ഥിരത ഉറപ്പാക്കുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജ സുരക്ഷയും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഇന്ത്യ സ്വീകരിച്ച തീരുമാനങ്ങള്‍ സ്വതന്ത്ര വിദേശനയത്തിന്റെയും തന്ത്രപരമായ സ്വയംഭരണത്തിന്റെയും ഉദാഹരണമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
