ഇറാനില്‍ പുതിയ നേതൃത്വം വേണം: ഖാമനെയിയെ 'രോഗിയായ നേതാവ്' എന്ന് വിളിച്ച് ട്രംപ്

ഇറാനില്‍ പുതിയ നേതൃത്വം വേണം: ഖാമനെയിയെ 'രോഗിയായ നേതാവ്' എന്ന് വിളിച്ച് ട്രംപ്


വാഷിംഗ്ടണ്‍: ഇറാനില്‍ പുതിയ നേതൃത്വം വേണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. കഴിഞ്ഞ 37 വര്‍ഷമായി അധികാരത്തിലുള്ള സുപ്രീം നേതാവ് ആയത്തുല്ല അലി ഖാമനെയിയെ 'രോഗിയായ മനുഷ്യന്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിന്റെ ഭരണത്തിന് വിരാമമിടേണ്ട സമയമായെന്ന് പറഞ്ഞു.

പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയത്. 'ഇറാനില്‍ ഇനി പുതിയ നേതൃത്വത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ്,' അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഭരണവിരുദ്ധ പ്രതിഷേധങ്ങള്‍ വലിയ തോതില്‍ കുറഞ്ഞുവെങ്കിലും, കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ട്രംപ് ഇറാനെതിരെ സൈനിക ഇടപെടല്‍ വരെ ഭീഷണിപ്പെടുത്തിയിരുന്നു.

പ്രതിഷേധം തുടരാനും 'സ്ഥാപനങ്ങള്‍ കൈവശപ്പെടുത്താനും' ചൊവ്വാഴ്ച ഇറാനിയന്‍ ജനതയോട് ആഹ്വാനം ചെയ്ത ട്രംപ്, 'സഹായം വഴിയിലാണ് ' എന്നും പറഞ്ഞിരുന്നു. എന്നാല്‍, തുടര്‍ന്ന് കൊല്ലലുകള്‍ നിര്‍ത്തിയതായി അറിയിപ്പ് ലഭിച്ചതോടെ നിലപാടില്‍ മാറ്റമുണ്ടായി.

'രണ്ട് ദിവസം മുന്‍പ് 800ലധികം പേരെ തൂക്കിലേറ്റാതിരുന്നത് അദ്ദേഹത്തിന്റെ(ഖാമനെയിയുടെ) ഏറ്റവും നല്ല തീരുമാനമാണ്,' സൈനിക നടപടി സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. ഇതിന് മുന്‍പ്, തൂക്കിലേറ്റല്‍ റദ്ദാക്കിയതിന് ഇറാന്‍ നേതൃത്വത്തെ പ്രശംസിച്ചുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിപ്പും പങ്കുവച്ചിരുന്നു.

അതേസമയം, ഖാമനെയിയുടെ എക്‌സ് (X) അക്കൗണ്ടില്‍ നിന്നുള്ള കുറിപ്പുകളില്‍ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇറാനിലെ മരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ഉത്തരവാദിയാണെന്ന് ഖാമനെയി ആരോപിച്ചു. ഇറാനിയന്‍ ജനതയെ പ്രതിനിധീകരിക്കുന്നവരായി അക്രമസംഘങ്ങളെ ചിത്രീകരിച്ചത് 'അപകീര്‍ത്തികരമായ നുണ' യാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ യുഎസിന്റെ 'കാലാളുകള്‍ ' എന്നും വിശേഷിപ്പിച്ച ഖാമനെയി, അവര്‍ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നശിപ്പിച്ചുവെന്നും ആരോപിച്ചു.

ഖാമനെയിയുടെ ഈ പ്രസ്താവനകള്‍ക്ക് മറുപടിയായി, ഇറാന്‍ ഭരിക്കുന്നത് അടിച്ചമര്‍ത്തലും അതിക്രമവും ആശ്രയിച്ചാണെന്ന് ട്രംപ് പ്രതികരിച്ചു. 'ഒരു രാജ്യത്തിന്റെ നേതാവെന്ന നിലയില്‍, അദ്ദേഹം ചെയ്തിരിക്കുന്നത് രാജ്യത്തെ മുഴുവന്‍ തകര്‍ക്കുകയും ഇതുവരെ കണ്ടിട്ടില്ലാത്ത തോതില്‍ അക്രമം പ്രയോഗിക്കുകയുമാണ്,' ട്രംപ് പറഞ്ഞു.

'ഭീതിയിലൂടെയോ മരണത്തിലൂടെയോ അല്ല, ബഹുമാനത്തിലൂടെയാണ് നേതൃത്വം പ്രവര്‍ത്തിക്കേണ്ടത്,' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഖാമനെയിയെ വ്യക്തിപരമായും ആക്രമിച്ച ട്രംപ്, 'തെറ്റായ നേതൃത്വത്തിന്റെ ഫലമായി ഇറാന്‍ ലോകത്ത് ജീവിക്കാന്‍ ഏറ്റവും മോശമായ സ്ഥലമായി മാറിയിരിക്കുകയാണ്,' എന്നും പറഞ്ഞു.

വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള വാക്കുതര്‍ക്കം ശക്തമാകുന്നുവെന്നാണ് ഈ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ നടത്തിയ പ്രസംഗത്തില്‍ 'ഇറാന്‍ അമേരിക്കയെ പരാജയപ്പെടുത്തി' എന്ന് ഖാമനെയി അവകാശപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ട്രംപിന്റെ പുതിയ പ്രസ്താവനകളോട് ഇറാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.