ന്യൂയോർക്ക്: ജമ്മു കശ്മീർ വിഷയം വീണ്ടും ഉയർത്തിക്കാട്ടാൻ ശ്രമിച്ച പാക്കിസ്താനെതിരെ ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയിൽ ഇന്ത്യയുടെ ശക്തമായ മറുപടി. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന പാകിസ്താൻ സ്വന്തം ചരിത്രത്തിലെ വംശഹത്യകളും അതിർത്തി കടന്നുള്ള ആക്രമണങ്ങളും മറച്ചുപിടിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ഹരീഷ് പർവതനേനി ആണ് സുരക്ഷാസമിതിയിലെ തുറന്ന ചർച്ചയിൽ പാകിസ്താനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
'വംശഹത്യയുടെ കറപിടിച്ച ദീർഘചരിത്രമുള്ള പാകിസ്താൻ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്,' എന്നാണ് ഹരീഷ് പർവതനേനി പറഞ്ഞത്.
1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാകിസ്താൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ സർച്ച്‌ലൈറ്റ്' ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ വിമർശനം. '1971ൽ പാകിസ്താൻ സൈന്യം നാല് ലക്ഷം സ്ത്രീകൾക്കെതിരെ ക്രൂരമായ കൂട്ടബലാത്സംഗം നടത്താൻ അനുമതി നൽകി. സ്വന്തം ജനങ്ങൾക്കെതിരായ ഈ മനുഷ്യത്ത രഹിത നടപടി പാകിസ്താന്റെ യഥാർത്ഥ മുഖമാണ് കാണിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് വിമോചന സമര കാലത്തെ പാകിസ്താന്റെ നടപടികൾ ലോകം മറന്നിട്ടില്ലെന്നും, ആഭ്യന്തര പരാജയങ്ങൾ മറയ്ക്കാൻ പാകിസ്താൻ പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള അക്രമങ്ങൾ തുടരുകയാണെന്നും ഇന്ത്യ ആരോപിച്ചു.
അഫ്ഗാനിസ്ഥാനെതിരായ ആക്രമണവും ഇന്ത്യ ചർച്ചയിൽ ഉയർത്തിക്കാട്ടി. 'ഈ വർഷം റമദാൻ മാസത്തിൽ കാബൂളിലെ ഒമിദ് അഡിക്ഷൻ ട്രീറ്റ്‌മെന്റ് ആശുപത്രിക്കനേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 269 സാധാരണക്കാർ കൊല്ലപ്പെടുകയും 122 പേർക്ക് പരിക്കേൽക്കുകയും ചെയ്തു,' ഹരീഷ് പർവതനേനി പറഞ്ഞു.
യുഎൻ എഎംഎയുടെ റിപ്പോർട്ടുകൾ പ്രകാരം ആശുപത്രിയെ സൈനിക ലക്ഷ്യമെന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ അതിന്റെ ഉത്തരവാദികളാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സായുധ സംഘർഷങ്ങളിൽ സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഐക്യരാഷ്ട്രസഭ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ കർശനമായി പാലിക്കപ്പെടണമെന്നും, ചികിത്സാ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, യുദ്ധങ്ങളിൽ സാധാരണ ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ ആഗോള സമൂഹം ഒരുമിക്കണമെന്നും ഇന്ത്യയുടെ പ്രതിനിധി അഭ്യർത്ഥിച്ചു.
'വംശഹത്യയുടെ കറപിടിച്ച ചരിത്രമുള്ള രാജ്യം'-യുഎന്നിൽ പാകിസ്താനെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനം
