യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്; ഇറാന്‍ ശക്തമായ നിലയിലെന്ന് പെസെഷ്‌കിയാന്‍

യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്; ഇറാന്‍ ശക്തമായ നിലയിലെന്ന് പെസെഷ്‌കിയാന്‍


തെഹ്‌റാന്‍: അമേരിക്കയുമായി മാസങ്ങളായി തുടരുന്ന യുദ്ധം ഇപ്പോള്‍ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. സംഘര്‍ഷം തുടരുകയാണെങ്കിലും ഇറാന്‍ ശക്തമായ നിലയിലാണെന്നും അതിനാല്‍ മേല്‍ക്കൈയുള്ളപ്പോള്‍ തന്നെ യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ഡോക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പെസെഷ്‌കിയാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'നാം ശക്തിയുടെയും അഭിമാനത്തിന്റെയും സ്ഥാനത്തായിരിക്കുമ്പോള്‍ തന്നെ യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്,' ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ അദ്ദേഹത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര സമൂഹം ഇറാന്റെ 'വിജയം' അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് അമേരിക്ക ഇറാനിലെ സ്‌കൂളുകള്‍, ആശുപത്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആക്രമിച്ചതായും പെസെഷ്‌കിയാന്‍ ആരോപിച്ചു.

ഇതിനിടെ, തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. പുതിയ ഉപരോധ നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കെതിരെ 'സാമ്പത്തിക ഭീകരത'യും 'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും' നടത്തിയതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

'ഈ ഉപരോധങ്ങള്‍ക്ക് ഉത്തരവാദികളായവരും അവയ്ക്ക് പ്രേരണ നല്‍കിയവരും ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം,' ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

വ്യാഴാഴ്ച അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. സാമ്പത്തിക സമ്മര്‍ദത്തിലൂടെ ഇറാന്‍ ഭരണകൂടത്തെ 'തകര്‍ക്കാന്‍' ശ്രമിക്കുമെന്ന് ബെസന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംഘര്‍ഷം ഇപ്പോള്‍ ഏകദേശം ആറുമാസമായി തുടരുകയാണ്. ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താനും സമ്പദ്വ്യവസ്ഥയില്‍ സമ്മര്‍ദം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമേരിക്കയുടെ സമീപനത്തെ ചൈനയും വിമര്‍ശിച്ചു. മധ്യപൗരസ്ത്യ മേഖലയിലെ സംഘര്‍ഷത്തിന് ഉപരോധങ്ങളും സമ്മര്‍ദവും പരിഹാരമാകില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ വെള്ളിയാഴ്ച പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'ഉപരോധങ്ങളും സമ്മര്‍ദവും പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കില്ല,' അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇറാന്‍ സമ്പദ്വ്യവസ്ഥയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ചൈന ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും പങ്കാളികളാകണമെന്ന് വാഷിങ്ടണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിശാലമായ നയതന്ത്ര പ്രതിസന്ധിയും കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.