ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ 45 ദിവസം കൂടി നീട്ടി

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ 45 ദിവസം കൂടി നീട്ടി


വാഷിംഗ്ടണ്‍: യു എസ് മധ്യസ്ഥത വഹിച്ച ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇസ്രായേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ 45 ദിവസം കൂടി നീട്ടുന്നതായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചു. വാഷിങ്ടണില്‍ രണ്ട് ദിവസമായി നടന്ന നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം.

ഏപ്രില്‍ 16-ലെ വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ 45 ദിവസം കൂടി നീട്ടുമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു.

മൂന്നാംഘട്ട നേരിട്ടുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ തലത്തിലെ ചര്‍ച്ചകള്‍ ജൂണ്‍ 2, 3 തിയ്യതികളില്‍ വീണ്ടും ചേരും. അതേസമയം സൈനിക പ്രതിനിധികള്‍ പങ്കെടുക്കുന്ന സുരക്ഷാ ചര്‍ച്ചകള്‍ മേയ് 29ന് പെന്റഗണ്‍ ആസ്ഥാനത്ത് ആരംഭിക്കും.

നയതന്ത്ര തലത്തില്‍ പുരോഗതി ഉണ്ടായിട്ടും അതിര്‍ത്തി പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ തുടരുകയാണ്. തെക്കന്‍ ലെബനനില്‍ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണങ്ങള്‍ക്ക് മുമ്പ് സമീപഗ്രാമങ്ങളിലെയും കിഴക്കന്‍ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സൈന്യം അവകാശപ്പെട്ടു.

എന്നാല്‍ ലെബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍ എന്‍ എയുടെ റിപ്പോര്‍ട്ട് പ്രകാരം തെക്കും കിഴക്കും ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. മുന്നറിയിപ്പ് നല്‍കാത്ത ചില മേഖലകളും ആക്രമണത്തിനിരയായതായി റിപ്പോര്‍ട്ടുണ്ട്.

ലെബനന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഒരു ദിവസം മുമ്പുണ്ടായ ആക്രമണങ്ങളില്‍ എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു.

അതേസമയം അതിര്‍ത്തിക്കപ്പുറം തിരിച്ചടിയും തുടരുകയാണ്. വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം ഹിസ്ബുള്ളയുടെ ഡ്രോണ്‍ ഇസ്രയേല്‍ പ്രദേശത്ത് പതിച്ച് നിരവധി സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ലെബനന്‍ മണ്ണില്‍ ഇസ്രയേല്‍ സൈനിക സാന്നിധ്യം തുടരുന്നതിനാലാണ് ആക്രമണങ്ങളെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേലിന് പ്രതിരോധ ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്കന്‍ നിയമപ്രകാരം നിര്‍ബന്ധമാണെങ്കിലും നേരിട്ടുള്ള സൈനിക ഇടപെടലില്‍ വാഷിങ്ടണ്‍ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. ഹിസ്ബുള്ളയുടെ നിലപാടാണ് സമാധാന ചര്‍ച്ചകളിലെ പ്രധാന തടസ്സമായി തുടരുന്നത്. സ്ഥിരമായ സമാധാനത്തിന് ലെബനന്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണം പുനഃസ്ഥാപിക്കപ്പെടുകയും ഹിസ്ബുള്ളയെ പൂര്‍ണമായും നിരായുധമാക്കുകയും വേണമെന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ നേതാക്കളുടെ നിലപാട്.

വെടിനിര്‍ത്തല്‍ ഇപ്പോഴും അതീവ ദുര്‍ബലമാണെങ്കിലും അതിര്‍ത്തി നിര്‍ണയം, പരമാധികാര സംരക്ഷണം, മനുഷ്യാവകാശ പുനരധിവാസം എന്നിവ സംബന്ധിച്ച സ്ഥിരമായ കരാറിലേക്ക് നീങ്ങാന്‍ ഈ 45 ദിവസത്തെ കാലയളവ് സഹായിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.