ടെൽ അവിവ്: 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ഇറാന്റെ മിസൈലുകൾ തങ്ങളുടെ സൈനിക കേന്ദ്രങ്ങളിൽ പതിച്ച് നാശമുണ്ടാക്കിയതായി സമ്മതിച്ച് ഇസ്രായേൽ. ഐ.ഡി.എഫ് (ഇസ്രായേൽ പ്രതിരോധ സേന) കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചതായി സൈനിക ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അതീവ സുരക്ഷയുള്ള തങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ട വിവരം ഇസ്രായേൽ ആദ്യമായാണ് പുറത്തുവിടുന്നത്.
ഏതാനും സൈനിക കേന്ദ്രങ്ങളിൽ ഇറാന്റെ മിസൈലുകൾ പതിച്ച് നാശമുണ്ടാക്കിയെന്നും എന്നാൽ കേന്ദ്രങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രായേലി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്നാൽ, ഏതൊക്കെ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും എത്ത്രോളം നാശമുണ്ടായി എന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.
അഞ്ച് ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചെന്ന് കഴിഞ്ഞ ദിവസം ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു. ആകെ ആറ് മിസൈലുകളാണ് കേന്ദ്രങ്ങളിൽ പതിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അത്യാധുനിക സുരക്ഷയുണ്ടെന്ന് ഇസ്രായേൽ അവകാശപ്പെടുന്ന സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടത് അവർക്ക് കനത്ത തിരിച്ചടിയാണ്.
12 ദിവസത്തെ യുദ്ധത്തിൽ ഇറാൻ 500ലേറെ ബാലിസ്റ്റിക് മിസൈലുകളും 1100ഓളം ഡ്രോണുകളും ഇസ്രായേലിലേക്ക് തൊടുത്തതായാണ് കണക്കുകൾ. ഇവയിൽ പലതും ഇസ്രായേലിൽ പതിച്ച് കനത്ത നാശമുണ്ടാക്കി. മറ്റുള്ളവയെ ഇസ്രായേൽ വ്യോമപ്രതിരോധമുപയോഗിച്ച് തകർക്കുകയും ചെയ്തു. ഇറാന്റെ ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായും 3000ലേറെ പേർക്ക് പരിക്കേറ്റെന്നുമാണ് ഇസ്രായേലിന്റെ ഔദ്യോഗിക കണക്കുകൾ. 2300ലേറെ വീടുകൾക്കും 240 കെട്ടിടങ്ങൾക്കും രണ്ട് സർവകലാശാലകൾക്കും ഒരു ആശുപത്രിക്കും നേരെ ആക്രമണമുണ്ടായി. 13,000ത്തോളം പേർക്ക് വീടുവിട്ടിറങ്ങേണ്ടി വന്നിരുന്നു.
അതേസമയം, ഇറാനിൽ 1000ലേറെ പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാന്റെ സൈനിക ഉദ്യോഗസ്ഥരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടവരിലുൾപ്പെടും. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇസ്രായേലും ഇറാനും വെടിനിർത്തലിലെത്തിയത്.
ഇറാന്റെ മിസൈലുകൾ സൈനിക കേന്ദ്രങ്ങളിൽ പതിച്ച് നാശമുണ്ടാക്കിയെന്ന് സമ്മതിച്ച് ഇസ്രായേൽ
