ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ബെയ്രൂട്ടിലെ ദാഹിയേ മേഖലയിൽ സൈനിക ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും സൈന്യത്തിന് നിർദേശം നൽകി.
വെടിനിർത്തൽ കരാർ ഹിസ്ബുള്ള തുടർച്ചയായി ലംഘിക്കുന്നതായും ഇസ്രയേൽ നഗരങ്ങൾക്കും സാധാരണ പൗരന്മാർക്കും നേരെ ആക്രമണങ്ങൾ തുടരുന്നതായും ആരോപിച്ചാണ് നടപടി. ഇതിന്റെ പശ്ചാത്തലത്തിൽ ദാഹിയേ മേഖലയിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്താൻ ഇസ്രാ.ൽേ പ്രതിരോധ സേനയ്ക്ക് നിർദേശം നൽകിയതായി ഇരുവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ലെബനൻ തലസ്ഥാനമായ ബെയ്രൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയേ, ഹിസ്ബുള്ളയുടെ പ്രധാന സ്വാധീന മേഖലയായാണ് അറിയപ്പെടുന്നത്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള മുൻ സംഘർഷങ്ങളിലെല്ലാം ഈ മേഖല നിരവധി തവണ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.
ഹിസ്ബുള്ളയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന കേന്ദ്രങ്ങളുമാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജനസാന്ദ്രത കൂടുതലുള്ള മേഖലയായതിനാൽ ആക്രമണം കൂടുതൽ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലും അതിർത്തി മേഖലകളിൽ സംഘർഷം തുടരുന്നതിനിടെ, ഇസ്രയേലിന്റെ പുതിയ നടപടി പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ബെയ്രൂട്ടിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് നെതന്യാഹു; ഇസ്രയേൽ നിലപാട് കടുപ്പിക്കുന്നു
