ടെല്‍ അവീവ്: ദുബായിൽ നിന്ന് ഇസ്രായേലിലേക്ക് പറന്ന വിമാനത്തിൽ നടന്നത് അതീവ ഗുരുതരമായ സംഭവങ്ങളെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പൈലറ്റുമാർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ഒരാൾ മറ്റൊരാളെ കുത്തിയ സംഭവമെന്നാണ് ഔദ്യോഗികമായി പറയുന്നതെങ്കിലും അട്ടിമറി ശ്രമമെന്നാണ് സംശയിക്കപ്പെടുന്നത്. പൈലറ്റുമാരില്‍ ഒരാള്‍ വിമാനത്തെ അപകടരമായ രീതിയില്‍ നിയന്ത്രിക്കാന്‍ തുടങ്ങിയത് സഹ പൈലറ്റ് എതിര്‍ക്കുകയും ഇരുവരും കോക്‌പിറ്റില്‍ ഏറ്റുമുട്ടുകയുമായിരുന്നെന്നു ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ടു ചെയ്തു. ഈ പൈലറ്റിനെ ഇസ്രയേലി യാത്രക്കാരുടെ സഹായത്തോടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെയിലാണ് പൈലറ്റിനും യാത്രക്കാരുും മൂര്‍ച്ചയേറിയ ആയുധത്താല്‍ കുത്തേറ്റതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയിരുന്നു. പൈലറ്റ് വിമാനം ഇടിച്ചിറക്കി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നെന്നും വിമാനത്തിലെ യാത്രക്കാരെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടത്തിയ പൈലറ്റ് തീവ്രവാദി ആക്രമണത്തിനാണോ ശ്രമിച്ചതെന്നും സംശയിക്കുന്നുണ്ട്.
വിമാനം തകർക്കാൻ ലക്ഷ്യമിട്ടുവെന്ന് ഇസ്രായേൽ മന്ത്രി സ്‌മോട്റിച്ച് ആരോപിച്ചു. പിന്നിൽ ആരാണെന്നും ഉദ്ദേശവും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പൈലറ്റുമാർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം വിമാനം വഴിതിരിച്ചുവിട്ടതായി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. പൈലറ്റുമാരുടെ ഏറ്റുമുട്ടലിന് പിന്നാലെ ഹൈജാക്കിങ് എമർജൻസി കോഡാണ് കൺട്രോൾ റൂമിൽ ലഭിച്ചത്. 180 ഓളം യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനു പിന്നാലെ സഹപൈലറ്റ് പൈലറ്റിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുഎഇയിൽ നിന്ന് ഇസ്രായേലിലേക്ക് 180 ഓളം ഇസ്രായേലി യാത്രക്കാരുമായി പോയ ഫ്ലൈ ദുബായ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് പോയ FZ1073 എന്ന ബോയിംഗ് 737 MAX 8 വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ ഇറക്കുകയായിരുന്നു.
പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം ആദ്യം 7700 എന്ന എമർജൻസി കോഡ് മുഴക്കി. പൊതുവായ അടിയന്തര സാഹചര്യത്തെ സൂചിപ്പിക്കുന്ന കോഡാണിത്. എന്നാൽ നിമിഷങ്ങൾക്കകം ഇത് 7500 എന്ന കോഡിലേക്ക് മാറി. വിമാനം ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നതിന്‍റെ സൂചനയാണ് 7500 കോഡ്. ഇതോടെ ഇസ്രായേൽ അതീവ ജാഗ്രതയിലായി. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതാകാമെന്ന സംശയത്തിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ പുറപ്പെട്ടു.
ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം വിമാനം പെട്ടെന്ന് 17,000 അടിയോളം താഴ്ന്നു. 34,000 അടിയിൽ നിന്ന് വെറും രണ്ട് മിനിറ്റിനുള്ളിൽ 16,600 അടിയിലേക്കാണ് വിമാനം താഴ്ന്നത്. എന്നാൽ പിന്നീട് പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ജെറുസലേം പോസ്റ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത് പ്രകാരം, കോക്ക്പിറ്റിൽ രണ്ട് പൈലറ്റുമാർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായി. തർക്കത്തിനിടെ ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനെ കുത്തിയെന്നാണ് ടൈംസ് ഓഫ് ഇസ്രായേൽ യാത്രക്കാരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്.
പൈലറ്റുമാർ തമ്മിലുള്ള തർക്കത്തിനിടെയാണ് ഹൈജാക്ക് കോഡ് മുഴക്കിയത്. പൈലറ്റ് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. അക്രമം കാട്ടിയ പൈലറ്റിനെ കീഴടക്കാൻ ജീവനക്കാരെ ഇസ്രായേലി യാത്രക്കാർ സഹായിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഫ്ലൈദുബായ് വിമാനത്തില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍; ലക്ഷ്യമിട്ടത് വിമാനം തകർക്കൽ, തീവ്രവാദി ആക്രമണമെന്നും സംശയം
