ഇസ്രായേല്‍ ആക്രമണ ഭീഷണി: ഇറാന്‍ പ്രതിനിധികള്‍ക്ക് യുദ്ധവിമാനങ്ങളുടെ അകമ്പടി നല്‍കിയെന്ന് റിപ്പോര്‍ട്ട്

ഇസ്രായേല്‍ ആക്രമണ ഭീഷണി: ഇറാന്‍ പ്രതിനിധികള്‍ക്ക് യുദ്ധവിമാനങ്ങളുടെ അകമ്പടി നല്‍കിയെന്ന് റിപ്പോര്‍ട്ട്


ഇസ്ലാമാബാദ്: യു എസും ഇറാനും തമ്മില്‍ പാകിസ്ഥാനില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഫലമില്ലാതെ അവസാനിച്ചതിന് പിന്നാലെ ഇറാനിയന്‍ പ്രതിനിധികളെ പാകിസ്ഥാന്‍ വ്യോമസേന യുദ്ധവിമാനങ്ങളുടെ സുരക്ഷയില്‍ നാട്ടിലെത്തിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് യുദ്ധ വിമാനങ്ങള്‍ അകമ്പടി സേവിച്ചത്. 

ഇറാന്‍ പ്രതിനിധി സംഘത്തിന് രണ്ട് ഡസന്‍ യുദ്ധവിമാനങ്ങളാണ് അകമ്പടി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ബാഗര്‍ ഗാലിബഫ്, അബ്ബാസ് അര്‍ഘാചി, അലി ബഗേരി എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തിന് സുരക്ഷ ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ എയര്‍ബോണ്‍ വാര്‍ണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റവും നിരീക്ഷണം നടത്തി.

ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ സാഹചര്യം അനുകൂലമല്ലെന്ന ആശങ്ക ഇറാനിയന്‍ പക്ഷത്തിന് ഉണ്ടാവുകയും അവര്‍ ലക്ഷ്യമാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സംശയം ജനിക്കുകയും ചെയ്തതായി സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ഒരു പൈലറ്റിന്റെ കാഴ്ചപ്പാടില്‍ ഇത് വലിയ ഓപ്പറേഷനാണെന്നും ചര്‍ച്ചയ്ക്കായി എത്തിയ പ്രതിനിധി സംഘത്തിന്റെ മുഴുവന്‍ സുരക്ഷയും ഏറ്റെടുക്കുകയും ഏത് ഭീഷണിയെയും നേരിടാന്‍ ശക്തമായ യുദ്ധവിമാനങ്ങളുമായി അവരെ സംരക്ഷിക്കുകയും ചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമാബാദില്‍ നിന്ന് തെഹ്‌റാന്‍ വരെ പ്രതിനിധി സംഘത്തെ സുരക്ഷിതമായി എത്തിച്ചതായി വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇസ്രായേലോ ഇറാനോ ഔദ്യോഗികമായി  പ്രതികരിച്ചിട്ടില്ല.