വെടിനിര്‍ത്തല്‍ ലംഘിച്ച് ബെയ്‌റൂത്തിന് സമീപം ഇസ്രഈല്‍ ആക്രമണം

വെടിനിര്‍ത്തല്‍ ലംഘിച്ച് ബെയ്‌റൂത്തിന് സമീപം ഇസ്രഈല്‍ ആക്രമണം


ബെയ്‌റൂത്ത്: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നതിനിടെ ലെബനാനില്‍ വീണ്ടും വ്യാപക വ്യോമാക്രമണം നടത്തി ഇസ്രായേല്‍. തെക്കന്‍ ലെബനാനിലുടനീളം നടന്ന ആക്രമണങ്ങള്‍ക്കൊപ്പം ബെയ്‌റൂത്തിന് സമീപവും ഇസ്രഈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതര്‍ അറിയിച്ചു.

ബെയ്‌റൂത്തിന് തെക്കുള്ള ഷുവൈഫാത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിനു നേരെയായിരുന്നു ആക്രമണം. ഏപ്രില്‍ 17ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിന് ശേഷം ബെയ്‌റൂത്തിന് സമീപത്തെ രണ്ടാമത്തെ ആക്രമണമാണിതെന്ന് ലെബനീസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം നടത്തിയതായി ഇസ്രഈല്‍ സൈന്യം സ്ഥിരീകരിച്ചെങ്കിലും ലക്ഷ്യമിട്ട വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടില്ല.

ലെബനാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ആക്രമണത്തില്‍ സ്ത്രീയും കുഞ്ഞും സിറിയന്‍ വംശജനായ മറ്റൊരു കുട്ടിയും കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ മേഖല ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്.

അതേസമയം, തെക്കന്‍ ലെബനാനില്‍ നടന്ന ശക്തമായ വ്യോമാക്രമണങ്ങളില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നബാത്തിയ, ടയര്‍, സൈദോണ്‍ തുടങ്ങിയ നഗരങ്ങളിലായിരുന്നു ആക്രമണം.

ഇസ്രഈലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഏപ്രില്‍ 17ന് നിലവില്‍ വന്നിരുന്നുവെങ്കിലും ഇരുപക്ഷവും പരസ്പരം കരാര്‍ ലംഘിച്ചതായി ആരോപിച്ച് രംഗത്തുണ്ട്. ലെബനാനില്‍ നിന്നുള്ള നേരിട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്മാറണമെന്ന് ഹിസ്ബുല്ലയുടെ പാര്‍ലമെന്ററി വിഭാഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച മാത്രം തെക്കന്‍ ലെബനാനില്‍ ഇസ്രഈല്‍ സൈന്യത്തിനെതിരെ 20-ഓളം ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. സംഘര്‍ഷാവസ്ഥയില്‍ യു എന്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് യു എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് ആവശ്യപ്പെട്ടു.

ലെബനാനിലെ യു എന്‍ സമാധാന സേന പുറത്തിറക്കിയ വിവരമനുസരിച്ച് ബുധനാഴ്ച മാത്രം 670-ഓളം പ്രൊജക്ടൈലുകള്‍ പ്രയോഗിക്കപ്പെട്ടു. ഏപ്രില്‍ 17ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രഈല്‍ ആക്രമണങ്ങളില്‍ 3,324 പേര്‍ കൊല്ലപ്പെട്ടതായി ലെബനാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ദിവസത്തിനിടെ മാത്രം 55 പേരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ചിന് ശേഷം 2,500ഓളം ഹിസ്ബുല്ല പോരാളികളെ വധിച്ചതായി ഇസ്രഈല്‍ സൈന്യം അവകാശപ്പെട്ടു.

ഇതിനിടെ, ലെബനാനിലെ സാഹ്‌റാനി നദിക്ക് തെക്കുള്ള എല്ലാ പ്രദേശങ്ങളെയും 'യുദ്ധ മേഖല'യായി പ്രഖ്യാപിച്ച ഇസ്രഈല്‍ അവിടെനിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി.

ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ടയര്‍, നബാത്തിയ മേഖലകളിലെ ആക്രമണങ്ങളും ചരിത്ര സ്മാരകങ്ങളുടെ നാശവും ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഉത്തരവുകളും തുടര്‍ച്ചയായ ആക്രമണങ്ങളും കൂട്ടശിക്ഷയാണെന്നും അദ്ദേഹം ആരോപിച്ചു.

ടയറിലുണ്ടായ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് സിറിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. സൈദോണിലെ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. അദ്‌ലൗണില്‍ ഒരു വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് കുട്ടികളും മാതാപിതാക്കളുമടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

നബാത്തിയ മേഖലയിലെ മറ്റൊരു ആക്രമണത്തില്‍ ലെബനീസ് സൈന്യത്തിലെ ഒരു സൈനികനും കൊല്ലപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവിനെ അമേരിക്ക- ഇസ്രഈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ഹിസ്ബുല്ല ഇസ്രഈലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്.