ബെയ്റൂത്ത്: ലെബനോന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. ബെയ്റൂത്തിന്റെ തെക്കന്‍ ഉപനഗരങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ സൈന്യം ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്‌നെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്രായേലിനും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലായ്ക്കും ഇടയില്‍ നിലനിന്നിരുന്ന യുദ്ധവിരാമത്തിനിടെയാണ് ആക്രമണമുണ്ടായത്.
ലെബനോനിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍ എന്‍ എ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് ബെയ്റൂത്തിന്റെ തെക്കന്‍ ഉപനഗരമായ ഹാരത് ഹ്രൈക് എന്ന ജനവാസ മേഖലയിലാണ് മിസൈല്‍ ആക്രമണം നടന്നത്. ഹിസബുല്ലായുടെ ശക്തമായ സ്വാധീനമുള്ള ഈ പ്രദേശത്ത് നടന്ന ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളും നിരവധി പേര്‍ക്ക് പരിക്കേറ്റതായും എന്‍ എന്‍ എ വ്യക്തമാക്കി.
മൂന്ന് മിസൈലുകളാണ് കെട്ടിടത്തിലേക്ക് പ്രയോഗിച്ചതെന്നും സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കുംും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തിന് ഉത്തരവിട്ടത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
ഇസ്രായേല്‍ ലക്ഷ്യങ്ങള്‍ നേടാന്‍ ആവശ്യമായ എല്ലാ നടപടികളും എവിടെയും എപ്പോഴും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രസ്താവനയില്‍ പറയുന്നു. 2024 നവംബറിലെ യുദ്ധവിരാമത്തിന് ശേഷം ഇസ്രായേല്‍ ലെബനോണില്‍ ദിനംപ്രതി ആക്രമണങ്ങള്‍ നടത്തി വരികയാണ്. എന്നാല്‍ ഞായറാഴ്ച നടന്ന ആക്രമണമാണ് ജൂണ്‍ 5ന് ശേഷം ബെയ്റൂത്തിന്റെ തെക്കന്‍ ഉപനഗരത്തെ ലക്ഷ്യമിട്ട ആദ്യ ബോംബാക്രമണം. അതിനു മുമ്പ്, ഇസ്രായേല്‍ ഒരു ഹിസ്ബുല്ല ഡ്രോണ്‍ ഫാക്ടറി തകര്‍ത്തതായി അവകാശപ്പെട്ടിരുന്നു. അതേ ദിവസം തന്നെ ലെബനോണിന്റെ തെക്കന്‍ പട്ടണമായ ഐറ്റ അല്‍-ഷാബിലുണ്ടായ മറ്റൊരു ഇസ്രായേല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
