ബെയ്റൂട്ട്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉത്തരവിന് പിന്നാലെ തെക്കന്‍ ലബനനിലെ തന്ത്രപ്രധാനമായ മലമുകളിലെ ചരിത്രപ്രസിദ്ധമായ ബ്യൂഫോര്‍ട്ട് കോട്ട (ഖലാത് അല്‍-ഷഖീഫ്) ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തു. ദിവസങ്ങള്‍ നീണ്ട കടുത്ത പോരാട്ടങ്ങള്‍ക്കും വ്യോമാക്രമണങ്ങള്‍ക്കും ശേഷം കോട്ടയുടെ നിയന്ത്രണം തങ്ങളുടെ കൈകളിലാക്കിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കി. 1982-2000 കാലഘട്ടത്തിലെ അധിനിവേശ സമയത്ത് ഇസ്രയേല്‍ സൈന്യം ഈ കോട്ട ഒരു താവളമായി ഉപയോഗിച്ചിരുന്നു.
യു.എസ് മദ്ധ്യസ്ഥതയില്‍ പേരിനു മാത്രമായി നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ടാണ് ഇസ്രയേല്‍ സൈന്യം ലബനനില്‍ ശക്തമായ കടന്നുകയറ്റം നടത്തിയിരിക്കുന്നത്. ഇസ്രയേല്‍ സൈന്യവും ഗോലാനി ബ്രിഗേഡും ബ്യൂഫോര്‍ട്ട് കോട്ടയില്‍ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നിലവില്‍ ലിതാനി നദി വരെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയ ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്), അവിടെ നിന്നും ആറ് മൈല്‍ വടക്കുള്ള സഹ്‌റാനി നദി ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ മുന്നേറുന്നത്. ലബനനിലെ ബ്യുഫോര്‍ട്ട് മലനിരകളിലും വാഡി അല്‍-സലൂക്കി പ്രദേശങ്ങളിലും ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാനും നിയന്ത്രണം വ്യാപിപ്പിക്കാനുമാണ് പുതിയ സൈനിക നടപടിയെന്ന് ഐ.ഡി.എഫ് വ്യക്തമാക്കി. ലബനന്റെ തെക്കന്‍ മേഖലയിലെ സാംസ്‌കാരിക-സാമ്പത്തിക കേന്ദ്രമായ നബാതിയ നഗരത്തെ വളയാനാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ഇപ്പോഴത്തെ നീക്കം.
ലബനനിൽ ശക്തമായ ഇസ്രയേൽ സേനാ മുന്നേറ്റം; ബ്യൂഫോർട്ട് കോട്ട പിടിച്ചെടുത്തു
