ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസ്' യോഗത്തിന് മുമ്പ് ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം: 11 പേര്‍ കൊല്ലപ്പെട്ടു

ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസ്' യോഗത്തിന് മുമ്പ് ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം: 11 പേര്‍ കൊല്ലപ്പെട്ടു


ഗാസ: ഗാസ മുനമ്പില്‍ ഞായറാഴ്ച നടന്ന ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 19ന് നടക്കുന്ന ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസ്' ആദ്യയോഗത്തിന് തൊട്ടു മുമ്പാണ് ആക്രമണം നടന്നത്. 

ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് ഐ ഡി എഫ് കുടിയൊഴിപ്പിക്കപ്പെട്ട പാലസ്തീനികള്‍ താമസിച്ചിരുന്ന കൂടാരങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുകയായിരുന്നു. ഇക്കാര്യം ഐ ഡി എഫ് അറിയിക്കുകയും ചെയ്തു.  ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ആരോപിച്ച ഐ ഡി എഫ് അതിന് മറുപടിയായാണ് നടപടി എടുത്തതെന്ന് വ്യക്തമാക്കി. ഗാസയുടെ വടക്കന്‍ ഭാഗത്ത് ഇസ്രായേല്‍ നിര്‍ദേശിച്ച യെല്ലോ ലൈന്‍ കടന്ന് ആയുധധാരികളായ ഭീകരരെ കണ്ടെത്തിയതായി സൈന്യം അവകാശപ്പെട്ടു.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് മരണസംഖ്യ 11 ആണ്. ഗാസ മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെട്ടു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ഖാന്‍ യൂനിസില്‍ അഞ്ചുപേരും വടക്കന്‍ ഗാസയില്‍ ഒരാളും കൊല്ലപ്പെട്ടു.

ഇസ്രായേല്‍ ഏകപക്ഷീയമായി യെല്ലോ ലൈന്‍ ഗാസയ്ക്കുള്ളിലേക്ക് മാറ്റിയതായും വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി സൈന്യം പിന്മാറേണ്ട പ്രദേശങ്ങളില്‍ നിന്നു ഇതുവരെ പൂര്‍ണമായും പിന്മാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഗാസയിലെ ഹമാസ് വക്താവ് ഹസേം ഖാസിം കുടിയൊഴിപ്പിക്കപ്പെട്ട പാലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ പുതിയ കൂട്ടക്കൊല നടത്തിയെന്ന് ആരോപിച്ചു.

ഇസ്രായേല്‍ സൈന്യം ആക്രമണം കൃത്യമായ ലക്ഷ്യംവച്ച് നടത്തിയതാണെന്ന് വ്യക്തമാക്കി. ഭൂഗര്‍ഭ തുരങ്കങ്ങളില്‍ നിന്ന് പുറത്തെത്തിയ ഭീകരര്‍ ഇസ്രായേല്‍ സൈനികര്‍ക്കു സമീപം ഒളിച്ചിരുന്നുവെന്ന അവകാശവാദവും മുന്നോട്ടുവച്ചു. ഗാസയ്ക്കുള്ളിലെ ഒരു തുരങ്കം നശിപ്പിച്ചതായും സൈന്യം അറിയിച്ചു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് വെടിനിര്‍ത്തലിന് ശേഷമുള്ള കാലയളവില്‍ കുറഞ്ഞത് 600 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 120 പേര്‍ കുട്ടികളാണ്. 2023 ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ ഇസ്രായേലില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാള്‍ ഏകദേശം മൂന്നിരട്ടി കൂടുതലാണിതെന്ന് അവര്‍ പറയുന്നു. ഇസ്രായേല്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രായേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ 1,200-ലധികം പേര്‍ കൊല്ലപ്പെട്ടു. പാലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം അതിനുശേഷം 72,000-ത്തിലധികം പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് ഹൈ കമ്മീഷണര്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സിന്റെ കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 21,289 ആണ്. ഇവരില്‍ 70 ശതമാനവും വാസസ്ഥല മേഖലകളിലാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.