ഇന്ത്യയിലെ 'നഷ്ട യഹൂദ ഗോത്രജാതി' അംഗങ്ങള്‍ക്ക് ഇസ്രായേല്‍ വഴിത്തുറക്കുന്നു: 2030ഓടെ 5,800 ബെനേ മെനാഷെ കുടിയേറ്റം സാധ്യമാക്കും

ഇന്ത്യയിലെ 'നഷ്ട യഹൂദ ഗോത്രജാതി' അംഗങ്ങള്‍ക്ക് ഇസ്രായേല്‍ വഴിത്തുറക്കുന്നു: 2030ഓടെ 5,800 ബെനേ മെനാഷെ കുടിയേറ്റം സാധ്യമാക്കും


ജറുസലേം:  2030ഓടെ ഇന്ത്യയിലെ മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള യഹൂദ വിഭാഗമായ ബെനേ മെനാഷെ സമൂഹത്തിലെ ഏകദേശം 5,800 പേരുടെ കുടിയേറ്റം സാധ്യമാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിന്റെ തീരുമാനം. ഞായറാഴ്ച പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനപ്രകാരം, ഈ കുടിയേറ്റക്കാരെ ഘട്ടംഘട്ടമായി ഉത്തര ഇസ്രായേലിലെ ഗലീലില്‍ പാര്‍പ്പിക്കാനാണ് പദ്ധതി.

ഹിസ്ബുള്ളയുടെ അതിര്‍ത്തി സംഘര്‍ഷങ്ങളാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പതിനായിരങ്ങള്‍ പ്രദേശം വിട്ടുപോയ ഗലീലിനെ വീണ്ടും ജനസാന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ഇത് 'പ്രധാനവും ശുദ്ധ സയോണിസ്റ്റ് നിലപാടുമാണ്. വടക്കന്‍ അതിര്‍ത്തി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും,' എന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ആദ്യഘട്ടം: 1,200 പേര്‍ അടുത്ത വര്‍ഷം

പദ്ധതിയനുസരിച്ച് 1,200 പേരടങ്ങുന്ന ആദ്യ സംഘം അടുത്ത വര്‍ഷം എത്തും. ഇവര്‍ക്ക് ഭാഷാപഠനം, തൊഴില്‍ മാര്‍ഗനിര്‍ദേശം, താല്‍ക്കാലിക താമസസൗകര്യം ഉള്‍പ്പെടെയുള്ള ആദ്യഘട്ട പുനരധിവാസ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കും.

ആദ്യഘട്ടത്തിനായി മാത്രം ഏകദേശം 23.8 മില്യണ്‍ യൂറോ (ഏകദേശം 27.4 കോടി ഡോളര്‍) വകയിരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി ഏകദേശം 4,000 ബെനേ മെനാഷെകള്‍ ഇതിനകം ഇസ്രായേലില്‍ കുടിയേറി കഴിഞ്ഞു. ഈ പുതിയ പദ്ധതി ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ആരാണ് ബെനേ മെനാഷെ ?

ബൈബിളിലെ 'നഷ്ട ഗോത്രങ്ങളില്‍' ഒന്നായ മനശ്ശെയുടെ സന്തതികള്‍ ആണ് തങ്ങള്‍ എന്ന തിരിച്ചറിവോടെയാണ് ബെനേ മെനാഷെ ജീവിക്കുന്നത്. ഒരുകാലത്ത് ക്രൈസ്തവരായിരുന്ന ഇവര്‍ പിന്നീട് യഹൂദ മതത്തിലേക്ക് മാറി, ഇസ്രായേലിന്റെ ചീഫ് റബ്ബിനേറ്റിന്റെ ഔദ്യോഗിക അംഗീകാരം നേടിയിട്ടുണ്ട്.
സുക്കോട് തുടങ്ങി എല്ലാ യഹൂദ പെരുന്നാളുകളും ആചരിക്കുന്ന ഇവര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ സിനഗോഗുകളും മതപാഠശാലകളും സ്ഥാപിച്ചിട്ടുണ്ട്.

2005ലാണ് അന്നത്തെ സെഫാര്‍ഡി ചീഫ് റബ്ബി സമുദായത്തെ ഇസ്രായേലിന്റെ നഷ്ട ഗോത്രങ്ങളില്‍ ഒന്നായി ഔദ്യോഗികമായി അംഗീകരിച്ചത്, തുടര്‍ന്ന് കുടിയേറ്റത്തിന് വാതില്‍തുറന്നു.

ജനസംഖ്യാ തന്ത്രത്തിന്റെ ഭാഗമോ?

ഇസ്രായേലിന്റെ ജനസംഖ്യാ കണക്കുകള്‍ രാജ്യത്തിന്റെ സുരക്ഷാ-രാഷ്ട്രീയ തന്ത്രങ്ങളില്‍ നിര്‍ണായക ഘടകമാണ്. നിലവില്‍ 10.1 മില്യണ്‍ ജനങ്ങളില്‍ 73% യഹൂദര്‍ ആണ്. പടിഞ്ഞാറന്‍ കര-ഗാസ മേഖലകളിലെ പാലസ്തീനികളുടെ എണ്ണം ഏകദേശം 5.5 മില്യന്‍ ആണെന്ന് കണക്കാക്കപ്പെടുന്നു.

ഗലീലിലേക്ക് പുതിയ തുടക്കം

നസറത്ത്, ടൈബീരിയാസ്, സഫദ് തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടുന്ന ചരിത്രപ്രസിദ്ധമായ ഗലീലെ ലെബനോണിനോടും യോര്‍ദ്ദാന്‍ താഴ് വരയോടും ചേര്‍ന്ന പ്രാധാന്യമുള്ള മേഖലയാണ്. ഈ പ്രദേശത്തേക്ക് ബെനേ മെനാഷെയെ കൊണ്ടുവരുന്നത് വടക്കന്‍ അതിര്‍ത്തിയിലെ ജനവാസവും സാമ്പത്തിക പ്രവര്‍ത്തനങ്ങളും പുനര്‍ജ്ജീവിപ്പിക്കുമെന്ന് ഇസ്രായേല്‍ കണക്കാക്കുന്നു.