ബെയ്‌റൂട്ട്: ലെബനനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ കരാർ നിലവിലിരിക്കെ ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട്ന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും കുറഞ്ഞത് 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനന്റെ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ദഹിയേ മേഖലയെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. വടക്കൻ ഇസ്രയേൽ പ്രദേശങ്ങളിലേക്ക് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിനുള്ള മറുപടിയായാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സിന്റെയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഹിസ്ബുള്ളയുടെ 'തീവ്രവാദ ആസ്ഥാനങ്ങൾ' മാത്രമാണ് ലക്ഷ്യമിട്ടതെന്നും അതിർത്തിയോട് ചേർന്നുള്ള ഭീഷണികൾ പൂർണമായി ഇല്ലാതാക്കാനുള്ള നടപടികൾ തുടരുകയാണെന്നും ഇസ്രയേൽ അറിയിച്ചു. തങ്ങളുടെ പ്രദേശങ്ങൾക്കും ജനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അനുവദിക്കില്ലെന്നും അതിന് ശക്തമായ മറുപടി നൽകുമെന്നും പ്രതിരോധമന്ത്രി കാറ്റ്‌സ് പറഞ്ഞു.
അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഇസ്രയേലും ലെബനനും വെടിനിർത്തൽ കരാർ പുതുക്കിയതിന് ദിവസങ്ങൾക്കുശേഷമാണ് പുതിയ ആക്രമണം ഉണ്ടായത്. ഇതോടെ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.
വെടിനിർത്തൽ നിലനിൽക്കുമ്പോഴും ഇരുപക്ഷവും പരസ്പരം ആക്രമണാരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതി വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതായാണ് വിലയിരുത്തൽ.
വെടിനിർത്തൽ നിലനിക്കേ ബെയ്രൂട്ടിൽ വീണ്ടും ഇസ്രയേൽ ആക്രമണം; രണ്ട് മരണം, 11 പേർക്ക് പരിക്ക്
