ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ ഇസ്രയേൽ അസർബൈജാനിൽ രഹസ്യമായി പ്രത്യേക സൈനിക, ചാരസംഘങ്ങളെ വിന്യസിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ട്. ഇറാനെതിരായ സൈനികരഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അസർബൈജാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ സേന പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇറാന്റെ വടക്കൻ അതിർത്തിക്ക് സമീപമുള്ള അസർബൈജാനിലെ പ്രദേശങ്ങളിലായിരുന്നു സേനയെ വിന്യസിച്ചിരുന്നത്. ഇറാനിലെ തബ്രീസ് നഗരത്തിൽ നിന്ന് ഏകദേശം 97 കിലോമീറ്റർ മാത്രം അകലെയുള്ള കേന്ദ്രങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്ന് രഹസ്യാന്വേഷണ പ്രവർത്തനങ്ങളും ഡ്രോൺ ദൗത്യങ്ങളും പ്രത്യേക കമാൻഡോ ഓപ്പറേഷനുകളും നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ആദ്യഘട്ടത്തിൽ രക്ഷാദൗത്യങ്ങൾക്കായി രൂപീകരിച്ച സംഘങ്ങളായിരുന്നുവെങ്കിലും പിന്നീട് ഇവ സൈനിക, രഹസ്യാന്വേഷണ പ്രവർത്തനങ്ങളിലേക്ക് വ്യാപിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിന്റെ പ്രത്യേക സൈനിക വിഭാഗങ്ങൾ, ഹെലിബോൺ രക്ഷാസേന, മൊസാദ് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.
അതേസമയം, അസർബൈജാൻ സർക്കാർ ഈ ആരോപണങ്ങൾ തള്ളി. മൂന്നാം രാജ്യങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്ക് അസർബൈജാന്റെ ഭൂമി ഉപയോഗിച്ചെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് അസർബൈജാൻ എംബസി പ്രതികരിച്ചു.
റിപ്പോർട്ടനുസരിച്ച് അസർബൈജാനു പുറമെ ഇറാഖ്, യുഎഇ, സൊമാലിലാൻഡ് തുടങ്ങിയ പ്രദേശങ്ങളിലും ഇസ്രയേൽ രഹസ്യ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു. യുദ്ധത്തിന് ആഴ്ചകൾ മുമ്പ് തന്നെ അസർബൈജാൻ–ഇറാൻ അതിർത്തിയിൽ നിരീക്ഷണ ഉപകരണങ്ങളും വിവരശേഖരണ സംവിധാനങ്ങളും സ്ഥാപിച്ച് ഇസ്രയേൽ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേലും അസർബൈജാനും തമ്മിൽ ദീർഘകാല തന്ത്രപ്രധാന ബന്ധമാണുള്ളത്. അസർബൈജാൻ ഇസ്രയേലിന് എണ്ണ വിതരണം ചെയ്യുമ്പോൾ, ഇസ്രയേൽ അസർബൈജാൻ അത്യാധുനിക ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും നൽകുന്നുണ്ട്. എന്നാൽ പുതിയ റിപ്പോർട്ടിലെ ആരോപണങ്ങളെക്കുറിച്ച് ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാൻ യുദ്ധകാലത്ത് അസർബൈജാനിൽ രഹസ്യ സൈനിക താവളം; ഇസ്രയേലിനെതിരെ പുതിയ വെളിപ്പെടുത്തൽ, നിഷേധിച്ച് അസർബൈജാൻ
