തെക്കൻ ലെബനനിൽ ആരാധനാലയം കേടായി: കരുതിക്കൂട്ടി ആക്രമിച്ചതെന്ന ആരോപണം നിഷേധിച്ച് ഇസ്രയേൽ

തെക്കൻ ലെബനനിൽ ആരാധനാലയം കേടായി: കരുതിക്കൂട്ടി ആക്രമിച്ചതെന്ന ആരോപണം നിഷേധിച്ച് ഇസ്രയേൽ


ടെൽ അവിവ്: തെക്കൻ ലെബനനിൽ നടത്തിയ സൈനിക നടപടിക്കിടെ ഒരു 'മതസ്ഥാപനം' കേടായതായി ഇസ്രയേൽ സൈന്യം അറിയിച്ചു. എന്നാൽ, ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് ഒരു കത്തോലിക്കാ ചാരിറ്റി സംഘടന ആരോപിച്ചു.

മേയ് 2 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, യാരൂൺ ഗ്രാമത്തിൽ പ്രവർത്തിച്ച സൈനികർ 'തീവ്രവാദ കേന്ദ്രങ്ങൾ' നീക്കം ചെയ്യുന്നതിനിടെ ഒരു മതകമ്പൗണ്ടിനുള്ളിലെ കെട്ടിടം കേടായതായി ഇസ്രയേൽ പ്രതിരോധ സേന (IDF) അറിയിച്ചു. സ്ഥലത്ത് മതസ്ഥാപനമാണെന്ന് തിരിച്ചറിയാനുള്ള വ്യക്തമായ അടയാളങ്ങൾ അന്ന് കണ്ടില്ലെന്നും സൈന്യം വിശദീകരിച്ചു.

പിന്നീട് മറ്റൊരു കെട്ടിടത്തിൽ മതപരമായ അടയാളങ്ങൾ കണ്ടതോടെ കൂടുതൽ നാശനഷ്ടം ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചതായി അറബിക് ഭാഷാ വക്താവ് കേണൽ അവിചായ് അദ്രായി പറഞ്ഞു. ഹിസ്ബുള്ള സംഘടന അതേ സ്ഥലത്ത് നിന്ന് ഇസ്രയേലിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം നടത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ആക്രമിക്കപ്പെട്ട കെട്ടിടം സാൽവറ്റോറിയൻ സിസ്റ്റേഴ്‌സ് എന്ന ഗ്രീക്ക് കത്തോലിക്കാ സന്യാസിനികളുടെ കോൺവെന്റാണെന്ന് ഫ്രഞ്ച് കത്തോലിക്കാ ചാരിറ്റി സംഘടനയായ എൽ ഓവർ ഡി ഓറിയന്റ്  വ്യക്തമാക്കി. ആരാധനാലയത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണിതെന്നും സംഘടന ശക്തമായി വിമർശിച്ചു. തെക്കൻ ലെബനനിൽ വീടുകൾ നശിപ്പിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവരെ മടങ്ങിവരുന്നതിൽ തടസ്സം സൃഷ്ടിക്കുകയാണെന്നും അവർ ആരോപിച്ചു.

ഇതിന് മറുപടിയായി, ആ സ്ഥലം പൂർണമായും നശിച്ചിട്ടില്ലെന്നും കെട്ടിടം നിലനിൽക്കുന്നതായും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വ്യക്തമാക്കി.

ഇതിനിടയിൽ, അതിർത്തിയോട് ചേർന്ന ഡെബ്ല് ഗ്രാമത്തിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് സൈനികർക്കു 30 ദിവസത്തെ തടവ് ശിക്ഷ നൽകിയതും ശ്രദ്ധേയമാണ്.

ഏപ്രിൽ 17നുള്ള വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും, ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേൽ ആക്രമണം തുടരുകയാണ്. 'യല്ലോ ലൈൻ' എന്ന് വിളിക്കുന്ന ഏകദേശം 10 കിലോമീറ്റർ പരിധിയുള്ള മേഖലയിലാണ് സൈനിക പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നത്.