ജെറുസലേം/ ബെയ്‌റൂത്ത്: ദക്ഷിണ ലെബനനില്‍ ആയുധങ്ങളാല്‍ നിറഞ്ഞിരുന്ന വലിയ ഭൂഗര്‍ഭ തുരങ്കം തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്രായേലും ലെബനനും യു എസ് പിന്തുണയോടെ സമാധാനത്തിലേക്കുള്ള വഴിയൊരുക്കുമെന്ന് കരുതിയ പുതിയ ഫ്രെയിംവര്‍ക്ക് കരാര്‍ ഒപ്പുവെച്ച് രണ്ട് ദിവസത്തിനുള്ളിലാണ് ഈ നടപടി ഉണ്ടായത്.
ഇസ്രായേലിന്റെ ഈ നീക്കം വെടിനിര്‍ത്തല്‍ കരാറിനെ ലംഘിക്കുന്നതാണെന്ന് ആരോപിച്ച ഹിസ്ബുല്ല, തങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ അവകാശമുണ്ട് എന്ന് പ്രതികരിച്ചു. ഇതോടെ സമാധാന ശ്രമങ്ങളുടെ ഭാവിയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും സംയുക്ത പ്രസ്താവനയില്‍ ദക്ഷിണ ലെബനനില്‍ ഹിസ്ബുല്ലയുടെ വിപുലമായ ഭൂഗര്‍ഭ തുരങ്ക ശൃംഖല കണ്ടെത്തി നശിപ്പിച്ചതായി അറിയിച്ചു.
200 മീറ്ററിലധികം നീളവും 25 മീറ്ററിലധികം ആഴവുമുള്ള ഈ തുരങ്കത്തില്‍ നൂറുകണക്കിന് ആയുധങ്ങളും ഇസ്രായേലിനേയും പൗരന്മാരെയും ലക്ഷ്യമിട്ടുള്ള നിരവധി ലോഞ്ച് ഷാഫ്റ്റുകളും ഉണ്ടായിരുന്നതായി പ്രസ്താവനയില്‍ പറയുന്നു.
ഓപ്പറേഷന് മുമ്പ് അമേരിക്കയെയും ലെബനനിലെ യു എസ് പ്രതിനിധിയെയും വിവരം അറിയിച്ചതായും ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കി.
ലെബനനിലെ ടയര്‍ നഗരത്തില്‍ നിന്നുള്ള എ എഫ് പി റിപ്പോര്‍ട്ടര്‍ മജ്ദല്‍ സൂണ്‍ ഗ്രാമത്തിന് സമീപം സ്‌ഫോടനത്തിനു പിന്നാലെ പുക ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തു. സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ സ്‌ഫോടന ഭീഷണി കണക്കിലെടുത്ത് വീടുകള്‍ വിട്ടൊഴിഞ്ഞതായി മാധ്യമങ്ങള്‍ അറിയിച്ചു.
ഇതിനിടെ ദക്ഷിണ ലെബനനില്‍ നടന്ന സൈനിക നടപടിക്കിടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. കൂടാതെ, ഏറ്റുമുട്ടലില്‍ പങ്കെടുത്തതായി ആരോപിക്കുന്ന ഒരു ഹിസ്ബുല്ല പ്രവര്‍ത്തകനെ വധിച്ചതായും ഇസ്രായേല്‍ അറിയിച്ചു.
ഇസ്രായേലിന്റെ നടപടികളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഹിസ്ബുല്ല ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ചു. ഇതുവരെ കരാറിനെ അവര്‍ പാലിച്ചിരുന്നുവെന്നും സംഘടന വ്യക്തമാക്കി.
ലെബനന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെറി യു എസ് മധ്യസ്ഥതയില്‍ ഇസ്രായേലുമായി ഒപ്പുവെച്ച പുതിയ ഫ്രെയിംവര്‍ക്ക് കരാറിനെ വിമര്‍ശിച്ചു. ഇത് ലെബനന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും 1983-ലെ പരാജയപ്പെട്ട കരാറിനേക്കാള്‍ പത്ത് മടങ്ങ് മോശം ആണെന്നും അദ്ദേഹം പറഞ്ഞു.
കരാറിനെതിരെ രാഷ്ട്രീയമായി എതിര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതോടൊപ്പം ഇതിനെ നടപ്പിലാക്കാനുള്ള ശ്രമങ്ങളെ നേരിടുമെന്നും മുന്നറിയിപ്പ് നല്‍കി.
