ജറുസലം/ടെഹ്രാൻ: അമേരിക്ക-ഇറാൻ സമാധാന ധാരണ അടുത്തെത്തുന്ന സാഹചര്യത്തിൽ ഗാസ, ലെബനൻ, സിറിയ എന്നിവിടങ്ങളിൽ നിലവിൽ കൈവശമുള്ള സുരക്ഷാ മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇസ്രയേലിന്റെ സുരക്ഷാ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് നിർണായകമെന്ന് കരുതുന്ന പ്രദേശങ്ങളിൽ സൈനിക സാന്നിധ്യം തുടരുമെന്നും കാറ്റ്‌സ് പറഞ്ഞു. ഒക്ടോബർ 7ലെ ആക്രമണത്തിൽ നിന്ന് പാഠം പഠിച്ച ഇസ്രയേൽ വിട്ടുവീഴ്ചകളല്ല, സുരക്ഷാ ഭീഷണികളെ പൂർണമായും ഇല്ലാതാക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസ, തെക്കൻ ലെബനൻ, സിറിയയിലെ ചില ഭാഗങ്ങൾ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ ഇസ്രയേൽ സൈന്യം തുടർന്നും നിലയുറപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇറാന്റെ ആണവപദ്ധതി തടയാനുള്ള അമേരിക്കൻ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ആവശ്യമെങ്കിൽ സ്വതന്ത്രമായി നടപടി സ്വീകരിക്കാനുള്ള അവകാശം ഇസ്രയേൽ നിലനിർത്തുമെന്നും കാറ്റ്‌സ് പറഞ്ഞു.
അതേസമയം, അമേരിക്കയുമായുള്ള ധാരണാപത്രം മേഖലയിലെ വിവിധ യുദ്ധമുഖങ്ങളിലെ സംഘർഷങ്ങൾക്ക് വിരാമമിടുന്നതായിരിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി പറഞ്ഞു. ലെബനനിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതും ധാരണയുടെ ഭാഗമാണെന്നും ലെബനനെ ഒരിക്കലും ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതിയും സമ്പുഷ്ട യൂറേനിയം ശേഖരവുമായി ബന്ധപ്പെട്ട വിഷയങ്ങളും അന്തിമ കരാറിലാണ് തീരുമാനിക്കപ്പെടുകയെന്ന് അറാഖ്ചി കൂട്ടിച്ചേർത്തു. സമാധാന ധാരണയിലേക്കുള്ള നീക്കങ്ങൾ പുരോഗമിക്കുമ്പോഴും മേഖലയിലെ സുരക്ഷാ വിഷയങ്ങളിൽ ഇസ്രയേലും ഇറാനും വ്യത്യസ്ത നിലപാടുകളിൽ തുടരുകയാണ്.
ഗാസ, ലെബനൻ, സിറിയ മേഖലകളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ; സമാധാന ധാരണയിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ
