യെമനിൽ നിന്ന് വ്യോമഭീഷണി; ഇസ്രായേൽ തടഞ്ഞു, ടെഹ്രാൻ വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു

യെമനിൽ നിന്ന് വ്യോമഭീഷണി; ഇസ്രായേൽ തടഞ്ഞു, ടെഹ്രാൻ വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു


ടെഹ്രാൻ/ജറുസലം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ യെമനിൽ നിന്ന് വിക്ഷേപിച്ച സംശയാസ്പദമായ വ്യോമലക്ഷ്യം ഇസ്രായേൽ സൈന്യം തടഞ്ഞതായി അറിയിച്ചു. തെക്കൻ ഇസ്രായേലിലെ എയ്‌ലാത്ത് മേഖലയിലാണ് ശത്രു വിമാനമോ ഡ്രോണോ കടന്നുകയറുന്നതായി മുന്നറിയിപ്പ് സൈറൺ മുഴങ്ങിയത്. തുടർന്ന് വ്യോമപ്രതിരോധ സംവിധാനം ലക്ഷ്യം തകർത്തതായും സ്ഥിതിഗതികൾ നിയന്ത്രണത്തിലായതായും സൈന്യം വ്യക്തമാക്കി.

അതേസമയം, ഇസ്രായേലിനെതിരായ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ അടച്ചിട്ടിരുന്ന ഇറാന്റെ വ്യോമപാതകൾ ഭാഗികമായി വീണ്ടും തുറന്നു. ടെഹ്രാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച മുതൽ വിമാന സർവീസുകൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

ഇതിനിടെ, തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ റിക്ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടു. ഭൂചലനത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ഇസ്രായേൽ-ഇറാൻ സംഘർഷം താൽക്കാലികമായി ശമിച്ച സാഹചര്യത്തിലും മേഖലയിൽ സുരക്ഷാ ആശങ്കകൾ തുടരുകയാണ്. വിമാന ഗതാഗതവും സുരക്ഷാ സംവിധാനങ്ങളും അതീവ ജാഗ്രതയിൽ തുടരുന്നതായി ബന്ധപ്പെട്ട രാജ്യങ്ങൾ അറിയിച്ചു.