വെടിനിർത്തലിന് ഇസ്രയേലും ലെബനനും തമ്മിൽ ധാരണ; തീരുമാനം അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ

വെടിനിർത്തലിന് ഇസ്രയേലും ലെബനനും തമ്മിൽ ധാരണ; തീരുമാനം അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ


വാഷിം​ഗ്ടൺ: ഏറെ നാളായി നീണ്ട ഇസ്രയേൽ- ലെബനൻ യുദ്ധത്തിന് താത്കാലിക ശമനം. വെടിനിർത്തലിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ വാഷിം​ഗ്ടണിൽ നടത്തിയ ചർച്ചകളിലാണ് തീരുമാനമുണ്ടായത്. എന്നാൽ, ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ​ഹിസ്ബുള്ള സായുധ ​ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിച്ചാൽ മാത്രമേ വെടിനിർത്തൽ പൂർണതോതിൽ നടപ്പാക്കാനാകൂയെന്ന് പ്രസ്താവനയിൽ പറയുന്നു. 

ഔദ്യോ​ഗിക നയതന്ത്രങ്ങളില്ലാത്ത ഇരുരാജ്യങ്ങളും അതിർത്തിയിൽ പ്രത്യേക പൈലറ്റ് സോണുകൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലകളിൽ മറ്റുള്ള സായുധ ​ഗ്രൂപ്പുകളെ ഒഴിവാക്കി ലെബനന്റെ ഔദ്യോ​ഗിക സൈന്യത്തിന് മാത്രമായിരിക്കും പൂർണ നിയന്ത്രണം. സംഘർഷങ്ങൾക്ക് ശാശ്വത പരി​​ഹാരം കാണുന്നതിനായി ജൂൺ 22ന് വീണ്ടും ചർച്ച നടത്തും. 

മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കടുത്ത അതിർത്തി സംഘർഷങ്ങൾക്ക് താല്കാലിക ശമനം വരുത്തുന്നതിനുള്ള വലിയൊരു ചുവടുവെപ്പാണിതെന്ന് ബുധനാഴ്ച അമേരിക്ക പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസവും ഇരുവിഭാഗങ്ങളും തമ്മിൽ ഒരു വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നുവെങ്കിലും, ആ ധാരണകൾ മറികടന്ന് അതിർത്തിയിൽ കടുത്ത പോരാട്ടം തുടരുകയായിരുന്നു.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ മാർച്ചിലാണ് ഇസ്രായേൽ ലെബനനിൽ വലിയ രീതിയിലുള്ള സൈനിക നടപടി ആരംഭിച്ചത്. ഇതോടെയാണ് മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് ഉയർന്നതും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതും.

ലെബനനെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പൊതുവായ വെടിനിർത്തൽ കരാർ ഉണ്ടാകാതെ, അമേരിക്കയും ഇസ്രായേലുമായി ബന്ധപ്പെടുന്ന യാതൊരുവിധ സമാധാന ഉടമ്പടികളെയും തങ്ങൾ പിന്തുണയ്ക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു ഇറാൻ ഉറച്ചുനിന്നിരുന്നത്. അതുകൊണ്ടുതന്നെ, നിലവിൽ ഉണ്ടായിരിക്കുന്ന ഈ പുതിയ പുരോഗതി മേഖലയിലെ സംഘർഷങ്ങളുടെ ആക്കം കുറയ്ക്കുന്നതിനായി നടക്കുന്ന വിപുലമായ നയതന്ത്ര നീക്കങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.