ജറുസലേമിൽ അഞ്ചുപേർക്ക് പരിക്ക്; ഇറാനിൽ വൻതോതിൽ ആക്രമണം നടത്തി ഇസ്രായേൽ

ജറുസലേമിൽ അഞ്ചുപേർക്ക് പരിക്ക്; ഇറാനിൽ വൻതോതിൽ ആക്രമണം നടത്തി ഇസ്രായേൽ


ജറുസലേം:  ജറുസലേമിൽ മിസൈൽ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതിനു മറുപടിയായി ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വൻതോതിൽ സൈനികാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് ആക്രമണം ആരംഭിച്ചതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ടെഹ്‌റാനിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടന്നതെന്നാണ് വിവരം.

ഞായറാഴ്ച ഇറാനിൽ നിന്നു വിക്ഷേപിച്ച മിസൈലുകൾ ജറുസലേമിൽ പതിച്ചതിനെ തുടർന്ന് അഞ്ചുപേർക്ക് പരിക്കേറ്റതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇതിനു മുമ്പ് മധ്യ ഇസ്രായേലിലെ ബെയ്ത് ഷെമെഷ് പ്രദേശത്ത് ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് ഒൻപത് പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

ഇറാനിലെ പരമോന്നത മതനേതാവ് അലി ഖമനേയുടെ വധത്തിനുശേഷം പ്രദേശത്ത് സംഘർഷം രൂക്ഷമായിരിക്കുകയാണ്. അമേരിക്ക, ഇറാൻ, ഇസ്രായേൽ രാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ദിനംപ്രതി ശക്തമാകുകയാണ്.

ഇതിനിടെ ഇറാനെതിരായ സൈനിക നടപടി ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. സൈനിക പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്നും ലക്ഷ്യങ്ങൾ വളരെ വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാല ഏറ്റുമുട്ടലുകളിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു. ദൗത്യം അവസാനിക്കുന്നതിനു മുൻപ് കൂടുതൽ ജീവന നഷ്ടപ്പെടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനായി ജീവൻ നല്കിയ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും അവരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നും അമേരിക്കൻ പ്രസിഡന്റ് ഉറപ്പു നൽകി. പ്രദേശത്തെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്.