തെഹ്‌റാന്‍: ഇറാനിലെ വൈദ്യുതി- ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നത് അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നതായി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത ആക്രമണവുമായി ഇസ്രയേല്‍ രംഗത്ത്.
ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് തെഹ്‌റാനില്‍ ആക്രമണം ആരംഭിച്ചതായി അറിയിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇറാനിയന്‍ ഭരണകൂടത്തിന്റെ അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമാക്കി തെഹ്‌റാനിലുടനീളം പുതിയ ആക്രമണ തരംഗം ആരംഭിച്ചു എന്ന് ഇസ്രായേല്‍ വ്യോമസേന വ്യക്തമാക്കിയത്.
സംഘര്‍ഷം പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുന്നതിന് സൈനിക നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഈ ചര്‍ച്ചകളുടെ പുരോഗതിയെ ആശ്രയിച്ചായിരിക്കും തുടര്‍നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ അമേരിക്കന്‍ ഭീകരവിരുദ്ധ കേന്ദ്ര മുന്‍ മേധാവി ജോ കെന്റ് സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ആദ്യപടി ഇസ്രായേലിന്റെ സൈനിക നടപടികള്‍ നിയന്ത്രിക്കുന്നതായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. എങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങൂ എന്നാണ് അദ്ദേഹം എക്‌സില്‍ പ്രതികരിച്ചത്.
അമേരിക്ക സംഘര്‍ഷം കുറയ്ക്കാനുള്ള സൂചന നല്‍കുമ്പോഴും ഇസ്രായേല്‍ വലിയ ആക്രമണങ്ങള്‍ നടത്തി ചര്‍ച്ചകള്‍ തകര്‍ക്കുകയും അതുവഴി നയതന്ത്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതായി കെന്റ് ആരോപിച്ചു. ഇത് യുദ്ധം കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് 17ന് രാജിവെച്ച കെന്റ് തന്റെ രാജിക്കത്തില്‍ ഇറാന്‍ അമേരിക്കയ്ക്ക് തല്‍ക്ഷണ ഭീഷണിയല്ല എന്നും ഇസ്രായേലിന്റെയും അതിന്റെ ശക്തമായ അമേരിക്കന്‍ ലോബിയുടെയും സമ്മര്‍ദ്ദഫലമായാണ് ഈ യുദ്ധം സൃഷ്ടിക്കപ്പെട്ടത് എന്നും ആരോപിച്ചിരുന്നു.
