ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ച് ആശങ്കകളുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ ഇടപെടലിന് സാധ്യതയുണ്ടാകാമെന്ന് രാഷ്ട്രീയ നേതാക്കളും സിവില്‍ സമൂഹ സംഘടനകളും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 27ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇസ്രായേലിന്റെ അടുത്ത സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും ജനങ്ങളാണ് തീരുമാനിക്കുകയെങ്കിലും നെതന്യാഹു സര്‍ക്കാര്‍ അധികാരം കൂടുതല്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നതായി ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത് ഇസ്രായേല്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
ഇസ്രായേല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ അഭിപ്രായ സര്‍വേയില്‍, ജൂത ഇസ്രായേലികളില്‍ ഏകദേശം മുക്കാല്‍ ഭാഗവും 2026ലെ തെരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ച് ആശങ്കയുള്ളവരാണെന്ന് കണ്ടെത്തി. അതേസമയം, ഇസ്രായേലിലെ ജനാധിപത്യ ഭരണത്തിന്റെ ഭാവിയെക്കുറിച്ച് 43 ശതമാനം പേര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ്, മുന്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ട്, പ്രസിഡന്റ് ഹെര്‍സോഗ് എന്നിവര്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
ജൂലൈ മധ്യത്തില്‍ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ആഭ്യന്തര സുരക്ഷാ വിഭാഗമായ ഷിന്‍ ബെറ്റിന്റെയും മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ്, തെരഞ്ഞെടുപ്പിലെ ഇടപെടലിനും അക്രമത്തിനുള്ള സാധ്യതയ്ക്കുമെതിരെ ഹെര്‍സോഗ് മുന്നറിയിപ്പ് നല്‍കിയത്.
പരസ്പരമുള്ള ആഭ്യന്തര പോരാട്ടങ്ങളുടെ അപകടങ്ങളെക്കുറിച്ച് ബൈബിള്‍ കഥകള്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയ ഹെര്‍സോഗ്, തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് 'ചുവന്ന വരകള്‍ കടക്കരുതെന്ന്' ജനങ്ങളോട് അഭ്യര്‍ഥിച്ചു.
'തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോടും പ്രവര്‍ത്തകരോടും എല്ലാ പാര്‍ട്ടികളിലെയും സ്ഥാനാര്‍ഥികളോടും ഞാന്‍ ആവശ്യപ്പെടുന്നു: ചുവന്ന വരകള്‍ കടക്കരുത്. എതിരാളികളെ ശത്രുക്കളാക്കരുത്'- ഹെര്‍സോഗ് പറഞ്ഞു. 'ഇസ്രായേല്‍ ജനതയോട് ഞാന്‍ വ്യക്തമായ ശബ്ദത്തില്‍ പറയുന്നു: തെരഞ്ഞെടുപ്പ് ആഭ്യന്തര യുദ്ധമല്ലെന്ന് ഓര്‍ക്കുക' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ രൂക്ഷമായി വിഭജിച്ചിരിക്കുന്ന വിഷയമായ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ നിന്ന് മോചിതമാകാനുള്ള 2021ല്‍ ആരംഭിച്ച പ്രചാരണം ഭരണകക്ഷി സഖ്യം തുടരും. അഴിമതി കേസില്‍ വിചാരണ നേരിടുന്ന നെതന്യാഹു, 2023 ഒക്ടോബറില്‍ ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന കടന്നുകയറ്റങ്ങളെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണവും നീട്ടിവെക്കാന്‍ ശ്രമിക്കുകയാണ്. സുരക്ഷാ വിഷയങ്ങള്‍ കൈകാര്യം ചെയ്തതില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഗാസയിലെ ഇസ്രായേലിന്റെ വംശഹത്യാപരമായ യുദ്ധത്തിനെതിരായ അന്താരാഷ്ട്ര വിമര്‍ശനം വര്‍ധിക്കുന്നതും അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമവും ലെബനന്‍, യെമന്‍, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ബഹുമുഖ യുദ്ധവും തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളായിരിക്കും.
ജൂണില്‍ അവിശ്വാസ പ്രമേയം നേരിട്ട ഇസ്രായേല്‍ നെസറ്റ് അംഗം ഒഫര്‍ കാസിഫ്, പ്രത്യേകിച്ച് അധിനിവേശ വെസ്റ്റ് ബാങ്കില്‍ അക്രമം ഇസ്രായേല്‍ രാഷ്ട്രീയ രംഗത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്ന് പറഞ്ഞത് അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'അക്രമത്തിനുള്ള സാധ്യതയെക്കുറിച്ച് ഊഹിക്കേണ്ട ആവശ്യമില്ല, അത് ഇതിനകം തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്'- അദ്ദേഹം പറഞ്ഞു. 'സര്‍ക്കാരിനെതിരായ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതാണ് നമ്മള്‍ കാണുന്നത്. പാലസ്തീനികള്‍ മാത്രമല്ല, ഇസ്രായേലികളും അറസ്റ്റിലാകുന്നു. തീവ്ര വലതുപക്ഷ അനുകൂല സര്‍ക്കാര്‍ മിലീഷ്യകള്‍ ജഡ്ജിമാരെ പോലും ഉപദ്രവിക്കുന്നു' എന്നും ഒഫര്‍ കാസിഫ് ആരോപണം ഉന്നയിച്ചു.
തന്റെ ഇടതുപക്ഷ ഹദാഷ് പാര്‍ട്ടിയിലെ അംഗങ്ങളെ പോലുള്ള 'പ്രശ്‌നക്കാരായ' സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് കരുതി അവര്‍ തയ്യാറെടുക്കുകയാണെന്നും ഒഫര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസത്തിന് മുന്നോടിയായി സംഘര്‍ഷം വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ പൗരന്മാരായ പാലസ്തീനികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ വോട്ടെടുപ്പ് തടയാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'തെരഞ്ഞെടുപ്പ് കഴിഞ്ഞാലുള്ള സാഹചര്യം എന്താകും? പൂര്‍ണമായും വിശകലനപരമായ ആവശ്യത്തിനായി, ഫലം സര്‍ക്കാരിന് എതിരായെന്ന് കരുതുക. അപ്പോള്‍ എന്ത് സംഭവിക്കും? അവര്‍ ഓഫീസുകള്‍ ഒഴിയാന്‍ വിസമ്മതിച്ചാല്‍ എന്ത് ചെയ്യും? അവരെ പുറത്താക്കുക ബെന്‍-ഗ്വിറിന്റെ പൊലീസാണോ, നെതന്യാഹുവിന്റെ ഷിന്‍ ബെറ്റാണോ?'- അദ്ദേഹം ചോദിച്ചു. 'അവര്‍ ഇതിനകം തന്നെ കീഴടക്കപ്പെട്ടിരിക്കുകയാണ്. നാം കടന്നുചെല്ലുന്നത് വളരെ അപകടകരമായ കാലഘട്ടത്തിലേക്കാണ്.'
നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയിലെ അംഗങ്ങളില്‍നിന്നുപോലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സെന്‍ട്രല്‍ ഇലക്ഷന്‍സ് കമ്മിറ്റിയുടെ ആക്ടിംഗ് മേധാവിയായി ഡീന്‍ ലിവ്‌നെയെ നിയമിക്കുന്നതിനെ അവരില്‍ ചിലര്‍ എതിര്‍ക്കുന്നു. നെസറ്റ് അംഗം അവിചായ് ബുവറോണ്‍ അദ്ദേഹത്തെ 'വ്യക്തമായും രാഷ്ട്രീയ പക്ഷപാതമുള്ളയാള്‍' എന്ന് വിശേഷിപ്പിച്ചു. പ്രവാസികാര്യ മന്ത്രി അമിചായ് ചിക്ലി, അദ്ദേഹത്തിന്റെ നിയമനം തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്ക് 'കനത്ത നിഴല്‍' വീഴ്ത്തുന്നതാണെന്ന് പറഞ്ഞു.
വിദേശ ഇടപെടലിനെയും തെരഞ്ഞെടുപ്പില്‍ നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന അപകടങ്ങളെയും കുറിച്ച് നിരവധി മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും സഖ്യ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ബജറ്റില്‍ 50 മില്യണ്‍ ന്യൂ ഇസ്രായേലി ഷെക്കല്‍ (ഏകദേശം 1.5 കോടി ഡോളര്‍) കുറവ് വരുത്തിയിട്ടുണ്ട്.
പരിചരണ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വോട്ടുചെയ്യാനുള്ള സൗകര്യം വിപുലീകരിക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ എതിര്‍ക്കുന്നതായും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതപ്പെടുത്താന്‍ ഗതാഗത മന്ത്രി മിറി റെഗേവിന്റെ ഓഫീസ് ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് നെതന്യാഹുവിനെതിരെ വോട്ട് ചെയ്യാനായി വിദേശത്തുനിന്ന് ഇസ്രായേലിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷ അനുകൂല വോട്ടര്‍മാര്‍ക്ക് തടസ്സമാകാമെന്നാണ് ആരോപണം.
'അധികാരത്തിലുള്ള ഏത് ഭരണകക്ഷിക്കും ന്യായമായ തെരഞ്ഞെടുപ്പിനുമിടയില്‍ എപ്പോഴും ഒരു സംഘര്‍ഷമുണ്ട്'- അന്തര്‍സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നിരീക്ഷണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഐഡിയയിലെ തെരേസ് പിയേഴ്‌സ് ലാനേല പറഞ്ഞു. 'പ്രധാനമായും അവരുടെ ഉത്തരവാദിത്വങ്ങള്‍ രണ്ടാണ്. തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ നിയമനിര്‍മാണം നിലവിലുണ്ടെന്ന് ഉറപ്പാക്കുക, തെരഞ്ഞെടുപ്പ് ന്യായമായ രീതിയില്‍ നടത്തുന്നതിന് ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കുക. അവര്‍ ചെയ്യാന്‍ പാടില്ലാത്തത് തെരഞ്ഞെടുപ്പ് അധികാരത്തെ ദുര്‍ബലപ്പെടുത്തുകയോ പരസ്യമായി അതിനെ വിമര്‍ശിക്കുകയോ ആണ്. ധാരണയും യാഥാര്‍ഥ്യവും തമ്മില്‍ വ്യത്യാസമുണ്ടാകാം.'
രാഷ്ട്രീയ വിശകലന വിദഗ്ധന്‍ ഓറി ഗോള്‍ഡ്ബര്‍ഗ് പറയുന്നത്, നിരവധി ഇസ്രായേലികള്‍ ഇപ്പോള്‍ നെതന്യാഹുവിനെ രാഷ്ട്രീയ ജീവിതത്തിലെ സ്ഥിരം സാന്നിധ്യമായി കാണുന്നുവെന്നാണ്. ഓരോ ഇസ്രായേല്‍ തെരഞ്ഞെടുപ്പിലും പുതിയൊരു തന്ത്രമോ ഏത് സാഹചര്യത്തില്‍നിന്നും പുറത്തുകടക്കാനുള്ള വഴിയോ കണ്ടെത്താന്‍ കഴിയുന്ന 'മാന്ത്രികന്റെ' കഴിവുകളാണ് ചിലര്‍ അദ്ദേഹത്തിന് നല്‍കുന്നത്.
'എന്ത് വിലകൊടുത്തും അധികാരത്തില്‍ തുടരാന്‍ ആവശ്യമായതെല്ലാം നെതന്യാഹു ചെയ്യുമെന്ന് ആളുകള്‍ എപ്പോഴും പ്രതീക്ഷിക്കുന്നു'വെന്ന് ഗോള്‍ഡ്ബര്‍ഗ് പറഞ്ഞു. 'എല്ലാ ഇസ്രായേല്‍ തെരഞ്ഞെടുപ്പുകളും വലിയ ഭൂചലനത്തിന് സമാനമായ ഒന്നായി ചിത്രീകരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ അത് യഥാര്‍ഥത്തില്‍ അങ്ങനെയാകാം. ഈ സഖ്യം വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ഒന്നിലധികം യുദ്ധങ്ങള്‍ അംഗീകരിക്കുന്നുവെന്നും നിര്‍ബന്ധിത പട്ടിണി അംഗീകരിക്കുന്നുവെന്നും വംശഹത്യ അംഗീകരിക്കുന്നുവെന്നും ഇസ്രായേല്‍ ലോകത്തോട് പറയുന്നതായിരിക്കും' എന്നും ഗോള്‍ഡ്ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു.
