ജെറുസലേം: പാലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സി യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിയുടെ (യു എന്‍ ആര്‍ ഡബ്ല്യു എ) ജെറുസലേം ആസ്ഥാന കെട്ടിടം ഇസ്രയേലി സംഘങ്ങള്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചു. മേഖലയിലുടനീളം ലക്ഷക്കണക്കിന് ആളുകള്‍ക്ക് മനുഷ്യാവകാശ സഹായ സേവനങ്ങള്‍ നല്‍കുന്ന സംഘടനയ്‌ക്കെതിരായ ഇസ്രയേലിന്റെ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതാണ് ഈ നീക്കം.
ഹമാസുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇസ്രയേല്‍ യുഎന്‍ആര്‍ഡബ്ല്യൂഎയെ ആവര്‍ത്തിച്ച് വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഏജന്‍സി നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ഇസ്രയേലിന്റെ ഭൂപ്രദേശങ്ങളില്‍ യുഎന്‍ആര്‍ഡബ്ല്യൂഎയുടെ പ്രവര്‍ത്തനം വിലക്കിയിരുന്നെങ്കിലും ഇപ്പോഴത്തെ കെട്ടിട പൊളിക്കല്‍ നടപടിയാണ് സംഘടനയ്‌ക്കെതിരെ ഇതുവരെ എടുത്ത ഏറ്റവും കടുത്ത നടപടികളിലൊന്നായി കണക്കാക്കപ്പെടുന്നത്.
കിഴക്കന്‍ ജെറുസലേമിലെ ആസ്ഥാനത്തേക്ക് പുലര്‍ച്ചെ തന്നെ കെട്ടിടം പൊളിക്കുന്ന സംഘങ്ങളും പോലീസും എത്തിയതായി സംഘടനയ്ക്ക് വിവരം ലഭിച്ചുവെന്ന് പടിഞ്ഞാറന്‍ കരയിലെ യുഎന്‍ആര്‍ഡബ്ല്യൂഎ ഡയറക്ടര്‍ റോളണ്ട് ഫ്രിഡ്രിച് അറിയിച്ചു. സുരക്ഷാ ഭീഷണികളും പ്രകോപനങ്ങളും കാരണം ഏകദേശം ഒരു വര്‍ഷമായി ജീവനക്കാര്‍ ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെങ്കിലും ഇസ്രയേലി സേന ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും കെട്ടിടം സംരക്ഷിച്ചിരുന്ന സ്വകാര്യ സുരക്ഷാ ജീവനക്കാരെ നീക്കം ചെയ്യുകയും ചെയ്തു.
തങ്ങള്‍ കണ്ടത് കഴിഞ്ഞ രണ്ട് വര്‍ഷമായി കിഴക്കന്‍ ജെറുസലേമിലെ യുഎന്‍ആര്‍ഡബ്ല്യൂഎയ്ക്കെതിരേ നടന്ന പ്രകോപനങ്ങളുടെയും നടപടികളുടെയും പര്യവസാനമാണെന്ന് ഫ്രിഡ്രിച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ഇത്തരം കേന്ദ്രങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്വലന്‍ഡിയയിലെ തൊഴില്‍പരിശീലന കേന്ദ്രത്തിലും ഷുഅഫാത്തിലെ ആരോഗ്യകേന്ദ്രത്തിലും യുഎന്‍ആര്‍ഡബ്ല്യൂഎ തുടര്‍ച്ചയായി നല്‍കിവരുന്ന വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളെ ഈ പൊളിക്കല്‍ നടപടികള്‍ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പും ഏജന്‍സി നല്‍കി.
അതേസമയം, ഷെയ്ഖ് ജറാഹ് പ്രദേശത്തെ ഈ കേന്ദ്രത്തിന് മുകളില്‍ ഇസ്രയേല്‍ പതാക ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചില ഇസ്രയേലി രാഷ്ട്രീയ നേതാക്കള്‍ സ്ഥലത്തെത്തി ഈ നടപടിയെ ആഘോഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ ഇത് 'ചരിത്രപരമായ ഒരു ദിനം' ആണെന്ന് വിശേഷിപ്പിച്ചു.
ഗാസ, അധിനിവേശത്തിലുള്ള പടിഞ്ഞാറന്‍ കര, കിഴക്കന്‍ ജെറുസലേം എന്നിവിടങ്ങളിലായി ഏകദേശം 25 ലക്ഷം പാലസ്തീന്‍ അഭയാര്‍ഥികള്‍ക്കും സിറിയ, ജോര്‍ദാന്‍, ലെബനന്‍ രാജ്യങ്ങളിലായി മൂന്ന് ദശലക്ഷം അഭയാര്‍ഥികള്‍ക്കും സഹായവും അനിവാര്യ സേവനങ്ങളും നല്‍കുന്നതാണ് യുഎന്‍ആര്‍ഡബ്ല്യൂഎയുടെ ചുമതല. പതിറ്റാണ്ടുകളായി അഭയാര്‍ഥി ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കുകയും സ്‌കൂളുകള്‍ നടത്തുകയും ആരോഗ്യ സേവനങ്ങള്‍ നല്‍കുകയും ചെയ്തുവരുന്ന ഈ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍, കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ പാര്‍ലമെന്റ് ക്‌നെസെറ്റ് സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കുകയും കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടെ ഇസ്രയേല്‍ സ്വന്തം ഭൂപ്രദേശമായി കണക്കാക്കുന്ന മേഖലകളില്‍ പ്രവര്‍ത്തനം വിലക്കുകയും ചെയ്ത നിയമം പാസാക്കിയതോടെ ഗണ്യമായി നിയന്ത്രിക്കപ്പെട്ടിരുന്നു.
