തെഹ്റാന്‍: അമേരിക്കയുമായി ഇസ്ലാമാബാദിലുണ്ടാക്കിയ ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നത് അടുത്ത ദിവസങ്ങളില്‍ ഏത് സമയത്തും നടന്നേക്കാമെങ്കിലും അത് ഞായറാഴ്ചയായിരിക്കില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഈ വ്യക്തമാക്കി. ശനിയാഴ്ച ഔദ്യോഗിക മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അമേരിക്കയും ഇറാനും തമ്മിലുള്ള കരാര്‍ ഈ വാരാന്ത്യത്തിലോ തിങ്കളാഴ്ചയോ ഒപ്പുവെക്കാന്‍ കഴിയുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.
കരാര്‍ നിലവില്‍ വന്നാല്‍ ഇറാന്‍ ആണവാഭിലാഷങ്ങള്‍ ഉപേക്ഷിക്കുമെന്നും ആണവായുധ വികസന ശ്രമങ്ങള്‍ അവസാനിപ്പിക്കുമെന്നും ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, ഈ വിഷയങ്ങളില്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ എന്നത്തേക്കാളും യാഥാര്‍ഥ്യത്തോട് അടുത്തിരിക്കുകയാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കരാറുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടായേക്കാമെന്നും ഇലക്ട്രോണിക് രീതിയിലുള്ള ഒപ്പുവെപ്പിനുള്ള ഒരുക്കങ്ങള്‍ പാകിസ്താന്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സമാധാന കരാറിലേക്ക് ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം അടുത്തിരിക്കുകയാണെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ കരാര്‍ അന്തിമരൂപം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും തുടര്‍ന്ന് ഇലക്ട്രോണിക് ഒപ്പുവെപ്പിനും അടുത്ത ആഴ്ച സാങ്കേതികതല ചര്‍ച്ചകള്‍ക്കുമായി പാകിസ്താന്‍ തയ്യാറെടുക്കുകയാണെന്നും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.
ചര്‍ച്ചകളില്‍ ക്രിയാത്മക സമീപനം സ്വീകരിച്ചതിന് അമേരിക്കയ്ക്കും ഇറാനും അദ്ദേഹം നന്ദി അറിയിച്ചു. ചരിത്രപരമായ സമാധാന കരാര്‍ ദീര്‍ഘകാല സമാധാനത്തിനുള്ള ശക്തമായ അടിത്തറയാകുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
