ലെബനനിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന് ആരോപണം; നിഷേധിച്ച് ഇസ്രയേൽ

ലെബനനിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന് ആരോപണം; നിഷേധിച്ച് ഇസ്രയേൽ


ബെയ്‌റൂട്ട് : പശ്ചിമേഷ്യയിൽ യുദ്ധം ശക്തമാകുന്നതിനിടെ ലെബനനിലെ ജനവാസ മേഖലയിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് മുണീഷൻ ഉപയോഗിച്ചതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. എന്നാൽ ഈ ആരോപണം സ്ഥിരീകരിക്കാനാവില്ലെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു.

മാർച്ച് 9ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആരോപണം ഉന്നയിച്ചത്. തെക്കൻ ലെബനനിലെ യോഹ്മോർ പട്ടണത്തിലെ ജനവാസ മേഖലയിൽ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ആകാശത്തിൽ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ഏഴ് ചിത്രങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ചതായാണ് സംഘടനയുടെ അവകാശവാദം. ഇതിനെ തുടർന്ന് രണ്ട് വീടുകളിലും ഒരു കാറിലും തീപിടിത്തം ഉണ്ടായതായി സിവിൽ ഡിഫൻസ് പ്രവർത്തകർ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

മാർച്ച് 3ന് ഇസ്രയേൽ സൈന്യം പീരങ്കി ഉപയോഗിച്ച് ഈ മുണീഷനുകൾ പ്രയോഗിച്ചതാണെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. ജനവാസ മേഖലയിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധവും അതീവ ആശങ്കജനകവുമാണെന്നും ഇത് സാധാരണ ജനങ്ങൾക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ലെബനൻ ഗവേഷകനായ റംസീ കൈസ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇസ്രയേലിന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾ സൈനിക സഹായം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലെബനൻ സർക്കാർ മാധ്യമമായ നാഷണൽ ന്യൂസ് ഏജൻസിയും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. ഇസ്രയേൽ അതിർത്തിക്കു സമീപമുള്ള ഖിയാം, താൽ നഹാസ് എന്നീ പട്ടണങ്ങളിൽ പീരങ്കി ആക്രമണത്തോടൊപ്പം ഫോസ്ഫറസ് ഷെല്ലുകളും പ്രയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

മാർച്ച് 2 മുതൽ ലെബനനിൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 486 പേർ കൊല്ലപ്പെടുകയും 1,313 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ അധികൃതർ അറിയിച്ചു.

അതേസമയം ആരോപണങ്ങളെക്കുറിച്ച് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ലെബനനിൽ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ചെന്ന വിവരം ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്ന് അവർ അറിയിച്ചു. സാധാരണയായി ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഇത്തരം മുണീഷനുകൾ ഉപയോഗിക്കാറില്ലെന്ന നയം സൈന്യത്തിനുണ്ടെന്നും, ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഒഴിവുകൾ ഉണ്ടാകൂ എന്നും അവർ വ്യക്തമാക്കി.

വൈറ്റ് ഫോസ്ഫറസ് ഓക്‌സിജനുമായി സമ്പർക്കത്തിലാകുമ്പോൾ ഉടൻ തീപിടിക്കുന്ന രാസവസ്തുവാണ്. യുദ്ധഭൂമിയിൽ പുകമറ സൃഷ്ടിക്കാനോ പ്രകാശം നൽകാനോ ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ തീപിടിത്തം ഉണ്ടാക്കാനും അതീവ ഗുരുതരമായ പൊള്ളലുകളും ശ്വാസകോശ നാശവും പോലും മരണവും ഉണ്ടാക്കാനും ഇത് കാരണമാകാമെന്ന് വിദഗ്ധർ പറയുന്നു.

ഇതിനിടെ ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ ഹെസ്‌ബൊല്ലയെ വിമർശിച്ചു. ഇസ്രയേലിനെതിരായ ആക്രമണം രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം സംഘടനയുടെ നിലപാട് സംരക്ഷിക്കുമെന്ന് ഹെസ്‌ബൊല്ല പാർലമെന്ററി വിഭാഗം നേതാവ് മുഹമ്മദ് റാഡ് വ്യക്തമാക്കി

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഹെസ്‌ബൊല്ല മാർച്ച് 2ന് ഇസ്രയേലിനെതിരേ ആക്രമണം നടത്തിയതോടെയാണ് ലെബനനും യുദ്ധത്തിൽ നേരിട്ട് ഉൾപ്പെട്ടത്. തുടർന്ന് ഇസ്രയേൽ ലെബനനിൽ വ്യാപകമായ വ്യോമ-ഭൂ സൈനിക ആക്രമണം ആരംഭിക്കുകയായിരുന്നു.