വാഷിങ്ടൺ: അമേരിക്കയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ജനങ്ങളോടുള്ള അവഗണന തുടർന്നാൽ രാജ്യത്ത് ജനകീയ വിപ്ലവത്തിന് സാധ്യതയുണ്ടെന്ന് പ്രമുഖ യാഥാസ്ഥിതിക രാഷ്ട്രീയ നിരൂപകൻ ടക്കർ കാർൽസൺ മുന്നറിയിപ്പ് നൽകി. ബ്ലൂംബെർഗ് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അമേരിക്കൻ ജനങ്ങളെ അവഗണിക്കുകയും ഉപയോഗിക്കുകയും കള്ളം പറയുകയും ചെയ്യുന്ന നേതൃത്വമാണ് രാജ്യത്തുള്ളത്. സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ച് അവർക്ക് യാതൊരു പരിഗണനയുമില്ല,' കാർൽസൺ പറഞ്ഞു.
അമേരിക്കയിലെ ആയുർദൈർഘ്യം കുറയുന്നതും മധ്യവർഗത്തിന്റെ ചുരുങ്ങലും രാജ്യത്തെ ഗുരുതരമായ സാമൂഹികസാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ചെറുപ്പത്തിൽ തന്നെ മരിക്കുന്ന സാഹചര്യവും മധ്യവർഗത്തിന്റെ തകർച്ചയും വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കൻ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2020 മുതൽ 2021 വരെ രാജ്യത്തെ ശരാശരി ആയുർദൈർഘ്യം 2.7 വർഷം കുറഞ്ഞ് 76.1 വർഷമായി. 1996നുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും കാർൽസൺ ഓർമിപ്പിച്ചു.
മറ്റ് സമ്പന്ന രാജ്യങ്ങളിൽ ശരാശരി ആയുർദൈർഘ്യം 82.7 വർഷമാണെന്നും, അമേരിക്കയിൽ ഗ്രാമപ്രദേശങ്ങളും താഴ്ന്ന വരുമാനക്കാരുമാണ് ആരോഗ്യപ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകളെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ താൻ വരച്ചുകാട്ടുന്നത് നിരാശാജനകമായ ചിത്രമല്ലെന്നും മറിച്ച് യാഥാർഥ്യമാണെന്നും കാർൽസൺ വ്യക്തമാക്കി. 'വിജയം ആഡംബരത്തിലേക്ക് നയിക്കും. ആ ആഡംബരം തകർച്ചയ്ക്കും പിന്നീട് ഒരു പുനഃക്രമീകരണത്തിനും വഴിയൊരുക്കും. എനിക്ക് വിപ്ലവം വേണ്ട. എന്നാൽ ഇപ്പോഴത്തെ സാഹചര്യം തുടർന്നാൽ വിപ്ലവം സംഭവിക്കുമെന്നാണ് ഞാൻ കരുതുന്നത്,' അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അക്രമത്തെ താൻ പിന്തുണയ്ക്കുന്നില്ലെന്നും, എന്നാൽ വോട്ടിലൂടെ മാറ്റമുണ്ടാക്കാൻ കഴിയില്ലെന്ന വിശ്വാസം ജനങ്ങളിൽ ശക്തമായാൽ അവർ അക്രമത്തിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്നും കാർൽസൺ മുന്നറിയിപ്പ് നൽകി.
2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ പിന്തുണച്ചിരുന്ന കാർൽസൺ പിന്നീട് അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ട്രംപിനെ വിമർശിച്ചിരുന്നു. ഗാസയിലെ ഇസ്രായേൽ നടപടികളെ അദ്ദേഹം 'വംശഹത്യ'യായി വിശേഷിപ്പിക്കുകയും അമേരിക്കയുടെ പശ്ചിമേഷ്യൻ നയത്തെയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം, നിലവിലെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഭാവിയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ഏറ്റവും അനയോജ്യനാണെന്നും, വാൻസ് ആയിരുന്നെങ്കിൽ അമേരിക്ക ഇറാനുമായുള്ള യുദ്ധത്തിൽ ഇടപെടില്ലായിരുന്നുവെന്നും കാർൽസൺ അഭിപ്രായപ്പെട്ടു.
'ഇങ്ങനെ തുടർന്നാൽ അമേരിക്കയിൽ ജനകീയ വിപ്ലവമുണ്ടാകും'; മുന്നറിയിപ്പുമായി ടക്കർ കാർൽസൺ
