ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖിലെ ഐന്‍ അല്‍അസദ് വ്യോമതാവളത്തില്‍ നിന്ന് യുഎസ് സൈന്യം പൂര്‍ണമായി പിന്മാറിയതായി ഇറാഖ് അധികൃതര്‍ അറിയിച്ചു. ഇതോടെ വ്യോമതാവളത്തിന്റെ മുഴുവന്‍ നിയന്ത്രണവും ഇറാഖ് സൈന്യം ഏറ്റെടുത്തു.
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) വിരുദ്ധ സഖ്യസേനയുടെ ഭാഗമായി നിലനിന്നിരുന്ന യുഎസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പിന്മാറ്റം. 2024ല്‍ വാഷിംഗ്ടണും ബാഗ്ദാദും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം, 2025 സെപ്റ്റംബറിനുള്ളില്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു തീരുമാനം.
ആദ്യം ഐന്‍ അല്‍അസദ് താവളത്തില്‍ നിന്ന് യുഎസ് സൈന്യം പൂര്‍ണമായി പിന്മാറാന്‍ തീരുമാനിച്ചിരുന്നെങ്കിലും, പിന്നീട് സിറിയയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 250 മുതല്‍ 350 വരെ സൈനിക ഉപദേശകരെയും സുരക്ഷാ ജീവനക്കാരെയും അവിടെ നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ ആ ചെറിയ സംഘവും താവളം വിട്ടതായാണ് സ്ഥിരീകരണം.
ശനിയാഴ്ച ഇറാഖ് സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ അബ്ദുല്‍ അമീര്‍ റഷീദ് യാരല്ലാഹ് താവളത്തിലെത്തി വിവിധ സൈനിക വിഭാഗങ്ങള്‍ക്ക് ചുമതലകള്‍ കൈമാറി. താവളത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം പരമാവധി പ്രയോജനപ്പെടുത്താനും യൂണിറ്റുകള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കാനും അദ്ദേഹം നിര്‍ദേശിച്ചതായി സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ യുഎസ് സൈനികരും താവളം വിട്ടതും അവരുടെ ഉപകരണങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തതുമാണെന്ന് പേര് വെളിപ്പെടുത്താത്ത പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍, സ്ഥിരീകരിച്ചു. യുഎസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
അതേസമയം, വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് സ്വയംഭരണ പ്രദേശത്തും അയല്‍രാജ്യമായ സിറിയയിലും യുഎസ് സൈനിക സാന്നിധ്യം തുടരുന്നുണ്ട്.
യുഎസ് സൈന്യത്തിന്റെ പിന്മാറ്റം, രാജ്യത്തിനുള്ളിലെ അനൗദ്യോഗിക ആയുധസംഘങ്ങളെ നിരായുധീകരിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു. യുഎസ് സൈനിക സാന്നിധ്യത്തെ ആയുധങ്ങള്‍ നിലനിര്‍ത്താനുള്ള ന്യായീകരണമായി ചില സംഘങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സഖ്യസേന പൂര്‍ണമായി പിന്മാറിയാല്‍ 'രാജ്യത്തിന്റെ നിയന്ത്രണത്തിന് പുറത്തായി ആയുധം കൈവശം വയ്ക്കാന്‍ ഇനി യാതൊരു ന്യായവും ഉണ്ടാകില്ല' എന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍സുദാനി, ജൂലൈയില്‍ എപി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
യുഎസ് പിന്മാറ്റം പൂര്‍ത്തിയായി: ഇറാഖിലെ പ്രധാന വ്യോമതാവളം സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തില്‍
