ബഗ്ദാദ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പറന്ന ഡ്രോണ്‍ ഇറാഖ് സേന വെടിവെച്ച് വീഴ്ത്തിയതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ ആളപായമോ സ്വത്ത് നാശമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇറാഖി ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വിമാനത്താവളത്തിന്റെ പുറം സുരക്ഷാ പരിധിക്ക് സമീപമാണ് ഡ്രോണ്‍ തടഞ്ഞുവീഴ്ത്തിയതെന്ന് ഇറാഖ് സെക്യൂരിറ്റി മീഡിയ സെല്‍ അറിയിച്ചു. ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ വസ്തുനഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇതിന് മുമ്പ് വടക്കന്‍ ഇറാഖിലെ ഇര്‍ബില്‍ നഗരത്തില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നു. യു എസ് കോണ്‍സുലേറ്റ് ജനറല്‍ ഇര്‍ബില്‍ ഓഫീസിനെയും നഗരത്തിലെ വിമാനത്താവളത്തെയും ലക്ഷ്യമിട്ട ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതായും,ഡ്രോണുകള്‍ തടഞ്ഞുവീഴ്ത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എത്ര ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല.
