ഹോർമുസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; തിരിച്ചടിക്കാനൊരുങ്ങി അമേരിക്ക

ഹോർമുസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; തിരിച്ചടിക്കാനൊരുങ്ങി അമേരിക്ക


വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ വാണിജ്യ കപ്പലുകൾക്ക് നേരെ തിങ്കളാഴ്ച രാത്രി ഇറാൻ സൈന്യം വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇറാനും തമ്മിലുണ്ടായിരുന്ന ഒരാഴ്ചത്തെ വെടിനിർത്തൽ കരാർ അവസാനിച്ചതിനു പിന്നാലെയാണ് ആക്രമണമെന്നാണ് വിവരം. ഇരുരാജ്യങ്ങളും ഒപ്പുവെച്ച സമാധാന കരാറിനും തിരിച്ചടിയാണ് പുതിയ നീക്കം.

ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ഒരു എണ്ണക്കപ്പലിന് നേരെ അജ്ഞാത വസ്തു പതിക്കുകയും കപ്പലിന് തീപിടിക്കുകയും ചെയ്തതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി സ്ഥിരീകരിച്ചു. ഒമാനിലെ ലിമയ്ക്ക് കിഴക്ക് എട്ട് നോട്ടിക്കൽ മൈൽ മാറിയാണ് സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പാരിസ്ഥിതിക ആഘാതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെ ഏജൻസി വ്യക്തമാക്കി.