ദുബായ്: കുവൈത്തിന്റെ വ്യോമാതിർത്തിയിൽ ഒരു അമേരിക്കൻ എഫ് 15 യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്. എംഐഎം104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈൽ തട്ടിയതാകാമെന്നാണ് പ്രാഥമിക സൂചന. ബാലിസ്റ്റിക് മിസൈലുകളും ശത്രുവിമാനങ്ങളും തടയുന്നതിനായി രൂപകൽപ്പന ചെയ്ത സംവിധാനമാണിത്. എന്നിരുന്നാലും, ചില അപൂർവ സാഹചര്യങ്ങളിൽ റഡാർ ആശയക്കുഴപ്പം, തിരിച്ചറിയൽ പിഴവ്, ആശയവിനിമയ തകരാർ എന്നിവ മൂലം സ്വന്തം വിമാനങ്ങളെപോലും ശത്രുവിമാനമായി തെറ്റിദ്ധരിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിന അൽ അഹമ്മദി റിഫൈനറി സമുച്ചയത്തിനുള്ളിൽ പതിച്ചതായി കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി അറിയിച്ചു. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. വിമാനം തകർന്നതിന് മുൻപ് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തുകടന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല.
ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; നിരവധി മരണം
അതേസമയം, ലെബനനിൽ ഇസ്രായേൽ നടത്തിയവ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31പേർ കൊല്ലപ്പെടുകയും 149പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനൻ നാഷണൽ ന്യൂസ് ഏജൻസിയുടെ വിവരമനുസരിച്ച്, ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളും തെക്കൻ ലെബനനും ആയിരുന്നു പ്രധാന ലക്ഷ്യം.
ബെയ്‌റൂട്ട് പരിസരങ്ങളിൽ 20പേർ കൊല്ലപ്പെടുകയും 91പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനിൽ 11പേർ മരിക്കുകയും 58പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ഇസ്രായേലിനെതിരെ ഹിസ്ബുല്ല നടത്തിയറോക്കറ്റ് ആക്രമണത്തിന് പിന്നാലെയായിരുന്നു ഇസ്രായേലിന്റെ തിരിച്ചടി.
ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിനു പിന്നാലെമേഖലയിൽ സംഘർഷം ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇസ്രായേൽ പലായന മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് തെക്കൻ ലെബനനിൽനിന്ന് നിരവധി ആളുകൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറിയതായി റിപ്പോർട്ടുകളുണ്ട്.
ഇറാനെതിരെ നടപടിക്ക് നാലാഴ്ച വരെവേണ്ടിവരുമെന്ന് ട്രംപ്
ഇതിനിടെ, ഇറാനെതിരായ സൈനിക നടപടികൾക്ക് നാലാഴ്ച വരെ സമയം വേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ബ്രിട്ടീഷ് പത്രമായ 'ഡെയ്‌ലി മെയിൽ' നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഇത് ഏകദേശം നാലാഴ്ച നീളുന്ന പ്രക്രിയയായിരിക്കും. അതിൽ കുറവായ സമയവും വേണ്ടിവരാം,' എന്ന് ട്രംപ് പറഞ്ഞു. ഇറാനുമായി ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചെങ്കിലും, ഉടൻ ചർച്ചകൾ നടക്കുമോ എന്നത് വ്യക്തമാക്കിയില്ല.
അതേസമയം, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ ആസ്ഥാനം തകർത്തതായി യുഎസ് സൈന്യം അറിയിച്ചു. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഈ സംഘടന ഉത്തരവാദിയാണെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയത്. ഈ നടപടിയെ 'പാമ്പിന്റെ തല വെട്ടിമാറ്റൽ' എന്നാണ് സൈന്യം വിശേഷിപ്പിച്ചത്.
കുവൈത്ത് വ്യോമാതിർത്തിയിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നു വീണു
