ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി കൊല്ലപ്പെട്ടു; 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ

ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി കൊല്ലപ്പെട്ടു; 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ


ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായ അലി ഖമനയി  (86) ശനിയാഴ്ച കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ ടെലിവിഷൻ സ്ഥിരീകരിച്ചു. രാജ്യത്ത് പരമ്പരാഗതമായ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. ഖമനയിയുടെ മരണം 'ലോകത്തിലെ പീഡകരെതിരെ മഹത്തായ ജനപ്രക്ഷോഭത്തിന് തുടക്കമാകുമെന്ന്' ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇതിനു മുമ്പ് തന്നെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖമനയിയുടെ മരണവാർത്ത പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയത്.

ഇറാനിലെ ഭരണനേതൃത്വത്തെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണപരമ്പരയാണ് സംഭവങ്ങൾക്ക് തുടക്കമായത്. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന പേരിൽ നടന്ന സൈനിക നീക്കത്തിൽ കടലിലും ആകാശത്തുമുള്ള സേനാവിഭാഗങ്ങൾ പങ്കെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പ്രതികാരമായി ഇറാൻ ഇസ്രായേലിനെയും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.

ആക്രമണത്തെ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ അഭിനന്ദിച്ചപ്പോൾ, ഡെമോക്രാറ്റിക് നേതാക്കൾ ഇത് 'നിയമവിരുദ്ധമായ നടപടി'യെന്ന് വിമർശിച്ചു. ബോംബാക്രമണം 'ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരുമെന്ന്' ട്രംപ് വ്യക്തമാക്കി.

ഇതിനിടെ, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ഇറാൻ ലക്ഷ്യമിട്ടു. നിരവധി മിസൈലുകൾ അമേരിക്കൻ സൈന്യം തടഞ്ഞുവെങ്കിലും ബഹ്രൈനിലെ ഒരു യു.എസ്. സൈനിക കേന്ദ്രത്തിൽ ഉണ്ടായ ആക്രമണം ചില സൗകര്യങ്ങൾക്ക് നാശനഷ്ടം വരുത്തിയതായി റിപ്പോർട്ടുണ്ട്.

മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഖമനയിയുടെ മരണവാർത്ത പുറത്തുവന്നത്. അടുത്ത രാഷ്ട്രീയ നീക്കങ്ങൾ എന്തായിരിക്കുമെന്നതിലേക്കാണ് ഇപ്പോൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.