പുതിയ സെമസ്റ്റർ ആരംഭത്തിൽ ഇറാൻ സർവകലാശാലകളിൽ പ്രതിഷേധം ശക്തം

പുതിയ സെമസ്റ്റർ ആരംഭത്തിൽ ഇറാൻ സർവകലാശാലകളിൽ പ്രതിഷേധം ശക്തം


ടെഹ്‌റാൻ:  പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ ഇറാനിലെ വിവിധ സർവകലാശാലകളിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ ചിലയിടങ്ങളിൽ ഭരണാനുകൂല ഗ്രൂപ്പുകളുമായി സംഘർഷവും ഉണ്ടായി എന്നാണ് പ്രാദേശിക വാർത്താ ഏജൻസികളും സാമൂഹിക മാധ്യമങ്ങളിലെ ദൃശ്യങ്ങളും സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മാസം സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ സുരക്ഷാസേനയുടെ നടപടി മൂലം മരണപ്പെട്ടവരെ അനുസ്മരിച്ച് 40ാം ദിവസാചരണം നടക്കുന്നതിനോടനുബന്ധിച്ചായിരുന്നു പുതിയ പ്രതിഷേധങ്ങൾ. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ആഭ്യന്തര സംഘർഷമായിരുന്നു കഴിഞ്ഞ മാസത്തെ സമരങ്ങൾ.

ടെഹ്രാനിലെ ഷരീഫ് സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികൾ നിരയായി മാർച്ച് നടത്തുന്നതായി പ്രചരിച്ച ദൃശ്യങ്ങളിൽ പരമാധികാരി ആയത്തുള്ള അലി ഖമെനെയെ 'കൊലയാളി നേതാവ്' എന്ന് വിളിച്ച് വിമർശിക്കുന്നതും മുൻ രാജാവിന്റെ പ്രവാസജീവിതത്തിലുള്ള മകനായ റേസാ പഹ്‌ലവിയെ പുതിയ രാജാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്നതും കാണപ്പെട്ടു.

വിദ്യാർത്ഥികൾ കല്ലെറിഞ്ഞ് ബസീജ് സന്നദ്ധസേനാംഗങ്ങളെ പരിക്കേൽപ്പിച്ചെന്നാരോപിച്ചുകൊണ്ട് സർക്കാർ അനുകൂല എസ്.എൻ.എൻ വാർത്താ ഏജൻസി ദൃശ്യങ്ങൾ പുറത്തുവിട്ടു. ബസീജ് അംഗങ്ങൾ പലപ്പോഴും സുരക്ഷാസേനയ്ക്ക് പിന്തുണ നൽകാറുണ്ട്.

ടെഹ്രാനിലെ ബെഹെഷ്തി സർവകലാശാല, അമീർ കബീർ സർവകലാശാല എന്നിവിടങ്ങളിലും വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലെ സർവകലാശാലയിലും പ്രതിഷേധങ്ങൾ നടന്നതായി മനുഷ്യാവകാശ സംഘടനയായ ഹാൽവ്ഷ് പുറത്തുവിട്ട ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇവ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

പശ്ചിമ ഇറാനിലെ അബ്ദാനാൻ നഗരത്തിൽ ഒരു അധ്യാപക പ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് 'ഖമെനെയ്ക്ക് മരണം', 'ഏകാധിപതിക്കു മരണം' എന്നീ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങിയതായി ഹെംഗാവ് എന്ന മനുഷ്യാവകാശ സംഘടനയും സാമൂഹിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് തുടരുന്ന ഭരണവിരുദ്ധ ജനരോഷം പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിലും ശക്തമായി പ്രകടമായതോടെ സ്ഥിതി വീണ്ടും കടുത്ത സമ്മർദത്തിലേക്ക് നീങ്ങുകയാണ്.

ഇതിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമാണ്. ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ഒമാന്റെ മധ്യസ്ഥതയിൽ വീണ്ടും ആരംഭിച്ചിട്ടുണ്ടെങ്കിലും യറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ അംഗീകരിച്ചിട്ടില്ല. കരാർ ഉണ്ടായില്ലെങ്കിൽ 'മോശം കാര്യങ്ങൾ' സംഭവിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരാറിലേക്ക് വരാൻ 15 ദിവസത്തെ സമയപരിധി നൽകിയതായും അദ്ദേഹം പറഞ്ഞിരുന്നു.

അമേരിക്ക പടിഞ്ഞാറൻ ഏഷ്യയിലേക്ക് എയർക്രാഫ്റ്റ് കപ്പലുകളായ യു.എസ്.എസ് എബ്രഹാം ലിങ്കൺ, യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് എന്നിവയെ അയച്ചിട്ടുണ്ട്. കൂടാതെ നിരവധി യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. യുഎസ് സൈന്യം മുൻകാലത്തേക്കാൾ ശക്തമാണെന്ന് ട്രംപ് വ്യക്തമാക്കി.

ഡിസംബർ 2025ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ആരംഭിച്ചത്. വ്യാപാരികളും കടയുടമകളും ആരംഭിച്ച സമരം പിന്നീട് മതാധിഷ്ഠിത ഭരണകൂടം അവസാനിപ്പിക്കണമെന്ന ആവശ്യത്തിലേക്ക് വ്യാപിച്ചു. ശക്തമായ നടപടികളിലൂടെ സർക്കാർ പ്രതിഷേധം അടിച്ചമർത്തിയപ്പോൾ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക കണക്കുകൾ 3,000ത്തിലധികം മരണങ്ങൾ അംഗീകരിക്കമ്പോൾ, മനുഷ്യാവകാശ പ്രവർത്തകർക്കു കീഴിലുള്ള വാർത്താ ഏജൻസി 7,000ത്തിലധികം മരണങ്ങൾ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയും അമേരിക്കൻ നിലപാടും അടുത്ത ദിവസങ്ങളിൽ നിർണായകമാകും എന്നതാണ് വിലയിരുത്തൽ. ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കുമോ എന്നത് ഇനി വരുന്ന ദിവസങ്ങൾ വ്യക്തമാക്കും.