കൊളംബോ: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിന് നേരെ നടന്ന മുങ്ങിക്കപ്പല്‍ ആക്രമണത്തില്‍ കുറഞ്ഞത് 101 പേര്‍ കാണാതായതായി. ഒരാള്‍ മരിച്ചതായും 78 പേര്‍ക്ക് പരിക്കേറ്റതായും ശ്രീലങ്കന്‍ നാവികസേനയുടെയും പ്രതിരോധ മന്ത്രാലയത്തിന്റെയും ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ആരാണ് ആക്രമണം നടത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
101 പേര്‍ കാണാതായെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് ശ്രീലങ്കന്‍ നാവികസേന വക്താവ് അറിയിച്ചു. സംഭവത്തില്‍ പരിക്കേറ്റ 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു.
വിദേശകാര്യ മന്ത്രി വിജിത ഹെറത്ത് പാര്‍ലമെന്റില്‍ പറഞ്ഞത് കപ്പലില്‍ നിന്നുള്ള അടിയന്തര സഹായവിളിയെത്തുടര്‍ന്ന് നാവികസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നായിരുന്നു.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം 79 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. 101 പേരെ കാണാതായിരിക്കാമെന്നാണ് കരുതുന്നതെന്നും കപ്പല്‍ മുങ്ങിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കാന്‍ അധികാരമില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ശ്രീലങ്കന്‍ നാവികസേനയിലെ ഒരു ഉറവിടം അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍ മരിച്ചതായും ഉറവിടങ്ങള്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രി വിജിത ഹെറത്ത് പാര്‍ലമെന്റില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും കപ്പലിലുണ്ടായിരുന്ന കുറഞ്ഞത് 30 പേരെ സൈന്യം രക്ഷപ്പെടുത്തിയതായും ശ്രീലങ്ക യോജിച്ച നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
തെക്കന്‍ ശ്രീലങ്കയിലെ ഗല്ലെ തീരത്ത് കപ്പല്‍ അപകടാവസ്ഥയില്‍ ആണെന്ന് സിഗ്നല്‍ നല്‍കിയിരുന്നുവെന്നും പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
