ഖംനേയിയെ വധിച്ചത് മുസ്ലിംകളെതിരായ യുദ്ധപ്രഖ്യാപനമെന്ന് ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍

ഖംനേയിയെ വധിച്ചത് മുസ്ലിംകളെതിരായ യുദ്ധപ്രഖ്യാപനമെന്ന് ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍


തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയിയെ യു എസും ഇസ്രായേലും ചേര്‍ന്ന് കൊലപ്പെടുത്തിയത് മുസ്ലിംകള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. പരമോന്നത നേതാവിന്റെ വധത്തിന്  പ്രതികാരം ചെയ്യേണ്ടത് ഇറാന്റെ അവകാശവും കടമയുമാണെന്നും പെസെഷ്‌കിയാന്‍ വ്യക്തമാക്കി.

പരമോന്നത നേതാവിന്റെ കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നമെന്ന ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കു ശേഷമാണ് പ്രസിഡന്റും ഇതേകാര്യം വ്യക്തമാക്കിയത്. ചരിത്രത്തിലെ ഏറ്റവും ശക്തമായ സൈനിക നടപടി ഇസ്രയേലിനും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ആരംഭിക്കുമെന്ന് ഐ ആര്‍ ജി സി അറിയിച്ചു.

അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ അമേരിക്കന്‍ ഭൂപ്രദേശമായി കണക്കാക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലരിജാനി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഖംനേയിയുടെ 'ശുദ്ധരക്തം' അമേരിക്കന്‍- സയണിസ്റ്റ് അതിക്രമവും കുറ്റകൃത്യങ്ങളും ഇല്ലാതാക്കുമെന്നും പെസെഷ്‌കിയാന്‍ പ്രഖ്യാപിച്ചിരുന്നു.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമോന്നത രാഷ്ട്രീയ അധികാരിയും ലോകമെമ്പാടുമുള്ള ഷിയാ സമൂഹത്തിന്റെ പ്രധാന നേതാവുമായ വ്യക്തിയുടെ വധം ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്കെതിരെയും പ്രത്യേകിച്ച് ഷിയാക്കള്‍ക്കെതിരെയും തുറന്ന യുദ്ധപ്രഖ്യാപനമായി കണക്കാക്കപ്പെടുന്നതായും ഈ ചരിത്രപരമായ കുറ്റകൃത്യത്തിന്റെ പ്രവര്‍ത്തകരോടും ആസൂത്രകരോടും പ്രതികാരം ചെയ്യുന്നത് ഇറാന്റെ നിയമാനുസൃത അവകാശവും കടമയുമാണെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ കരുതുന്നുവെന്നും രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ പെസെഷ്‌കിയാന്‍ പറഞ്ഞു.

ഇറാന്‍ പ്രതികാരാക്രമണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ഇതുവരെ കാണാത്ത ശക്തിയാല്‍ മറുപടി നല്‍കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി. 

ഖംനേയിയുടെ വധത്തിന് പിന്നാലെ ഇറാനെതിരെ ആയിരക്കണക്കിന് കൂടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രഖ്യാപിച്ചു. 

മുന്‍കരുതല്‍ ആക്രമണം എന്നു വിശേഷിപ്പിച്ചാണ് അമേരിക്കയും ഇസ്രയേലും ഇറാനിലെ വിവിധ മേഖലകളില്‍ ബോംബാക്രമണം നടത്തിയത്. 

പ്രതികാരമായി, ഇറാന്‍ യു എ ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലെ നിരവധി അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയും പ്രധാന കേന്ദ്രങ്ങളെയുമാണ് ആക്രമിച്ചത്. ഇസ്രയേല്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് പുതിയ ആക്രമണം പ്രഖ്യാപിച്ചതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളെയും പ്രധാന കേന്ദ്രങ്ങളെയും ഇറാന്‍ വീണ്ടും ആക്രമിച്ചതോടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.