തെഹ്‌റാന്‍/ വാഷിംഗ്ടണ്‍: ഇറാനതിരായ അമേരിക്കന്‍ നാവിക ഉപരോധം മറികടന്ന് വലിയ എണ്ണക്കപ്പല്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സമുദ്ര ഗതാഗത നിരീക്ഷണ സ്ഥാപനമായ ടാങ്കര്‍ ട്രാക്കേഴ്‌സ് പുറത്തുവിട്ട വിവരങ്ങളാണ് ഇതിന് ആധാരം. ഇതോടെ ഉപരോധത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു.
നാഷണല്‍ ഇറാനിയന്‍ ടാങ്കര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹ്യൂജ് എന്ന വെരി ലാര്‍ജ് ക്രൂഡ് കാരിയര്‍ (വി എല്‍ സി സി) ഏകദേശം 1.9 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ കയറ്റിയ നിലയില്‍ യു എസ് നാവിക സേനയുടെ നിരീക്ഷണം മറികടന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ മൂല്യം ഏകദേശം 220 മില്യണ്‍ ഡോളറാണ്.
ടാങ്കര്‍ ശ്രീലങ്കയ്ക്ക് സമീപമാണ് അവസാനമായി കണ്ടതെന്ന് ടാങ്കര്‍ ടാക്കേഴ്‌സ് അറിയിച്ചു. തുടര്‍ന്ന് ഇന്‍ഡോനേഷ്യയിലെ ലൊംബോക് കടലിടുക്ക് വഴി റിയാവു ആര്‍കിപെലാഗോ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി വിലയിരുത്തുന്നു. മാര്‍ച്ച് 20 മുതല്‍ കപ്പല്‍ അകട ട്രാക്കിംഗ് സംവിധാനം ഓഫ് ചെയ്ത നിലയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ യു എസ് അധികൃതര്‍ ഉപരോധം ഫലപ്രദമാണെന്ന് ആവര്‍ത്തിച്ചു. ഉപരോധം മൂലം ഇറാനിന് ബില്യണ്‍ കണക്കിന് ഡോളര്‍ നഷ്ടമുണ്ടായതായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
യു എസ് സെന്‍ട്രല്‍ കമാന്റ് അടുത്തിടെ യു എസ് എസ് ന്യൂ ഒര്‍ലിയന്‍സ് (എല്‍ പി ഡി- 18) അറബിക്കടലില്‍ പ്രവര്‍ത്തിക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ 48 കപ്പലുകള്‍ ഉപരോധം പാലിക്കുന്നതിനായി വഴിതിരിച്ചുവിട്ടതായും അവര്‍ അറിയിച്ചു.
ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാനെതിരെ വീണ്ടും മുന്നറിയിപ്പ് നല്‍കി. തെഹ്‌റാന്‍ സമര്‍പ്പിച്ച പുതിയ നിര്‍ദ്ദേശം പരിശോധിക്കുമെന്ന് പറഞ്ഞെങ്കിലും അത് അംഗീകരിക്കപ്പെടാനുള്ള സാധ്യത കുറവാണെന്ന സൂചനയും നല്‍കി.
