ഇറാനിൽ നോബൽ ജേതാവ് നർഗിസ് മുഹമ്മദിയെ അറസ്റ്റ് ചെയ്തു

ഇറാനിൽ നോബൽ ജേതാവ് നർഗിസ് മുഹമ്മദിയെ അറസ്റ്റ് ചെയ്തു


തെഹ്റാൻ: 2023ലെ നോബൽ സമാധാന അവാർഡ് ജേതാവും പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയുമായ നർഗിസ് മുഹമ്മദിയെ ഇറാനിയൻ സുരക്ഷാസേന  അറസ്റ്റ് ചെയ്തതായി അവരുടെ പിന്തുണക്കാർ അറിയിച്ചു. ഈ മാസം ആദ്യം മരണമടഞ്ഞ അഭിഭാഷകൻ ഖോസ്റോ അലി‍കോർദിയുടെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

2024 ഡിസംബറിൽ ജയിലിൽ നിന്ന് താൽക്കാലിക മോചനം ലഭിച്ചിരുന്ന മുഹമ്മദി, അലി‍കോർദിയുടെ ഓഫിസിൽ ചടങ്ങിൽ പങ്കെടുത്തതിനെത്തുടർന്ന് മറ്റ് നിരവധി പ്രവർത്തകരോടൊപ്പം കസ്റ്റഡിയിൽ പോയതായി നർഗിസ് മുഹമ്മദി ഫൗണ്ടേഷൻ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു.

പ്രവർത്തകരായ സെപിദെ ഗോളിയാൻ, ഹസ്തി അമീരി, പൂരൻ നസെമി, അലിയെ മൊതലേബ്സാദെ തുടങ്ങിയവരും നിരവധി പേരും ചടങ്ങിനിടെ അറസ്റ്റ് ചെയ്യപ്പെട്ടതായി ഫൗണ്ടേഷൻ വ്യക്തമാക്കി.

ജൂണിൽ ഇസ്രയേലുമായുണ്ടായ വെടിനിർത്തൽ കരാറിന് ശേഷം ഇറാനിയൻ ഭരണകൂടം സിവിൽ സമൂഹത്തിന്മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദി ആരോപിച്ചു. പ്രവർത്തകരെയും പത്രപ്രവർത്തകരെയും വിമർശകരെയും ലക്ഷ്യമാക്കിയ പീഡനങ്ങളും അടിച്ചമർത്തലുകളും കൂടുതൽ രൂക്ഷമായിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.