ടെല്‍ അവീവില്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണം: 220 പൗണ്ട് വാര്‍ഹെഡ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

ടെല്‍ അവീവില്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണം: 220 പൗണ്ട് വാര്‍ഹെഡ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്


ടെല്‍ അവീവ്: ഇറാന്‍ ചൊവ്വാഴ്ച രാവിലെ ടെല്‍ അവീവിനെ ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 220 പൗണ്ട് വാര്‍ഹെഡ് ഉപയോഗിച്ചതായി ഇസ്രയേല്‍ പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇറാന്‍ പുതിയ തരത്തിലുള്ള ആയുധ സംവിധാനം ഉപയോഗിക്കുന്നതിന്റെ സൂചനയാണിത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

താമസ കേന്ദ്രത്തിലെ ഒരു തെരുവിലാണ് മിസൈല്‍ പതിച്ചത്. സമീപത്തെ ഫ്‌ളാറ്റുകളിലും വാഹനങ്ങളിലും വലിയ നാശനഷ്ടമുണ്ടായതായി ഇസ്രയേല്‍ പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണുന്നു. ആക്രമണത്തില്‍ നാല് പേര്‍ക്ക് ചെറിയ പരിക്കേറ്റതായി മെഡിക്കല്‍ സംഘം അറിയിച്ചു.

ഈ ആക്രമണത്തില്‍ ഉപയോഗിച്ച വാര്‍ഹെഡിന്റെ വലുപ്പം ഇറാന്‍ മുന്‍പ് ഇസ്രയേലിനെതിരെ ഉപയോഗിച്ച വാര്‍ഹെഡുകളുടെ പകുതിയോളം മാത്രമാണെങ്കിലും നിലവിലെ സംഘര്‍ഷത്തില്‍ പതിവായി ഉപയോഗിച്ച ക്ലസ്റ്റര്‍ മ്യൂണിഷനുകളേക്കാള്‍ വളരെ വലുതാണ്.

ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പ്രകാരം ഇറാന്‍ സാധാരണയായി ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലുകളില്‍ ഏകദേശം 520 പൗണ്ട് വാര്‍ഹെഡുകളാണ് ഉണ്ടായിരുന്നത്. ക്ലസ്റ്റര്‍ മ്യൂണിഷന്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ ഒരേസമയം നിരവധി ചെറിയ ബോംബുകള്‍ (7 മുതല്‍ 26 പൗണ്ട് വരെ സ്‌ഫോടകവസ്തു) വിടുന്നതായും അവര്‍ വ്യക്തമാക്കി.