അമേരിക്കയ്ക്കും സയണിസ്റ്റുകള്‍ക്കുമെതിരെ മുസ്ലിം രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഇറാന്‍ സൈനിക വക്താവ്

അമേരിക്കയ്ക്കും സയണിസ്റ്റുകള്‍ക്കുമെതിരെ മുസ്ലിം രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഇറാന്‍ സൈനിക വക്താവ്


തെഹ്‌റാന്‍: അമേരിക്കയുടെയും സയണിസ്റ്റ് ശക്തികളുടെയും സ്വാധീനത്തിനെതിരെ മുസ്ലിം ലോകം ഐക്യപ്പെടണമെന്ന് ഇറാന്‍ സായുധസേനയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബുല്‍ഫസല്‍ ഷെകര്‍ച്ചി മുസ്ലിം ആഹ്വാനം ചെയ്തു. ഇറാന്‍ സര്‍ക്കാര്‍ പ്രക്ഷേപണ ചാനല്‍ പ്രസ് ടി വിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്ലാമിക രാജ്യങ്ങളുടെ നേതൃത്വത്തെ നേരിട്ട് അഭിസംബോധന ചെയ്ത അദ്ദേഹം ഇറാനേയും  അതിന്റെ മുസ്ലിം ജനതയെയും വിശ്വസിക്കണമെന്നും  അമേരിക്കയും സയണിസ്റ്റുകളും നയിക്കുന്ന അവിശ്വാസം, ബഹുദൈവാരാധന, കപടത എന്നിവയ്ക്കെതിരെ ഇസ്ലാമിക ലോകത്തിന്റെ ഐക്യത്തിനായി നാം ഒന്നിക്കണമെന്നും പറഞ്ഞു. 

പ്രസ് ടിവി റിപ്പോര്‍ട്ടു ചെയ്ത ഈ പ്രസ്താവനയില്‍ അമേരിക്കയും സയണിസ്റ്റുകളും നയിക്കുന്ന നിലവിലെ ആഗോള ശക്തിക്കെതിരെ മുസ്ലിം ലോകം ഐക്യത്തോടെ നിലകൊള്ളണമെന്ന സന്ദേശമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. മേഖലയില്‍ സൈനിക പ്രസ്താവനകള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ ആഹ്വാനം.

അതേസമയം ഇറാന്റെ ഖാതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ വക്താവ് ഇബ്രാഹിം സോല്‍ഫഘാരി ശനിയാഴ്ച നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ അന്യായമായി ചൊരിഞ്ഞ ഓരോ തുള്ളി രക്തത്തിനും അമേരിക്കയും സയണിസ്റ്റുകളും വില നല്‍കേണ്ടിവരുമെന്നും ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ പ്രതിരോധ നടപടികളുടെ ഭാഗമായി ഫിറൂസാബാദ്, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളില്‍ രണ്ട് എംക്യു-9 ഡ്രോണുകളും ആകാശത്ത് മറ്റൊരു വിമാനവും ഇറാന്റെ എയര്‍ ഡിഫന്‍സ് സംവിധാനം തടഞ്ഞ് തകര്‍ത്തതായി അദ്ദേഹം പറഞ്ഞു. ഇതോടെ നശിപ്പിച്ച ഡ്രോണുകളുടെ എണ്ണം 112 ആയി ഉയര്‍ന്നതായി അദ്ദേഹം അവകാശപ്പെട്ടു. ഇതില്‍ യുദ്ധ, നിരീക്ഷണ, ആത്മാഹുതി ഡ്രോണുകള്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഖൈബര്‍-ഷെകന്‍' എന്ന സോളിഡ് ഫ്യൂവല്‍ കൃത്യതാ മിസൈലുകളും ആക്രമണ ഡ്രോണുകളും വലിയ തോതില്‍ ശത്രു ലക്ഷ്യങ്ങളിലേക്ക് അയച്ചതായി അദ്ദേഹം അറിയിച്ചു. ഹൈഫ, കെയ്സറിയ, സരീത്, ശ്ലോമി എന്നീ കുടിയേറ്റ പ്രദേശങ്ങളും 'ഹോളോണ്‍' സൈനിക- വ്യവസായ സമുച്ചയവും ഉള്‍പ്പെടെ സയണിസ്റ്റ് സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടതായി അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയും ആക്രമിച്ചുവെന്ന് അവകാശപ്പെട്ട അദ്ദേഹം അല്‍ ധാഫ്രയും എര്‍ബില്‍ ബേസുകളും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ മുന്നറിയിപ്പിന് ശേഷമാണ് ലക്ഷ്യമാക്കിയതെന്ന് പറഞ്ഞു.

ഇസ്രായേല്‍ അധീനപ്രദേശങ്ങളിലെ 10 താമസകേന്ദ്രങ്ങളും മേഖലയിലെ അമേരിക്കന്‍ സൈനികരുടെ മൂന്ന് കേന്ദ്രങ്ങളും കൃത്യമായി ലക്ഷ്യമിട്ടതായി സോല്‍ഫഘാരി അവകാശപ്പെട്ടു. ടെല്‍ അവീവിലെ ഏഴ് സ്ഥലങ്ങള്‍, റിഷോന്‍ ലെസിയോനിലെ രണ്ട് കേന്ദ്രങ്ങള്‍, ഷോഹാമിലെ ഒരു കേന്ദ്രം എന്നിവയും കിംഗ് സുല്‍ത്താന്‍, വിക്ടോറിയ, എര്‍ബില്‍ ബേസുകളിലെ അമേരിക്കന്‍ കമാന്‍ഡര്‍മാരുടെ കേന്ദ്രങ്ങളും ആക്രമണ ലക്ഷ്യങ്ങളിലുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

അതേസമയം ഇറാന്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് (ഐ ആര്‍ ജി സി) ഭൂഗര്‍ഭ ആയുധശേഖരത്തില്‍ തങ്ങളുടെ വ്യോമ ശേഷി പ്രദര്‍ശിപ്പിച്ചുവെന്നും മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആയത്തുല്ല സയ്യിദ് മൊജ്തബ ഖാംനെയുടെ ചിത്രത്തോടൊപ്പം വലിയ തുരങ്കത്തിനുള്ളില്‍ നിരവധി ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രവര്‍ത്തനം തുടരുമെന്നും അവസാനത്തെ കുഞ്ഞുങ്ങളെ കൊന്ന കുറ്റവാളി നശിക്കുന്നതുവരെ നരകത്തിന്റെ വാതിലുകള്‍ അടയില്ല എന്നും സോല്‍ഫഘാരി പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ രക്തത്തിന്റെ വില തിരിച്ചുപിടിക്കുമെന്ന പ്രതിജ്ഞയും അദ്ദേഹം ആവര്‍ത്തിച്ചു.