അമേരിക്കയുമായുള്ള കരട് ധാരണാപത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് ഇറാന്‍ മാധ്യമങ്ങള്‍; മരവിപ്പിച്ച 24 ബില്യണ്‍ ഡോളര്‍ ആസ്തി വിട്ടുനല്‍കാന്‍ സാധ്യത

അമേരിക്കയുമായുള്ള കരട് ധാരണാപത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് ഇറാന്‍ മാധ്യമങ്ങള്‍; മരവിപ്പിച്ച 24 ബില്യണ്‍ ഡോളര്‍ ആസ്തി വിട്ടുനല്‍കാന്‍ സാധ്യത


തെഹ്‌റാന്‍: ഇറാനുമായുള്ള യുദ്ധം അവസാന ഘട്ടത്തിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ട സാഹചര്യത്തില്‍ അമേരിക്കയുമായി ചര്‍ച്ച ചെയ്യുന്ന കരട് ധാരണാപത്രത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കരാര്‍ യാഥാര്‍ഥ്യമായാല്‍ മരവിപ്പിച്ച നിലയിലുള്ള 24 ബില്യണ്‍ ഡോളറിന്റെ ഇറാനിയന്‍ ആസ്തികള്‍ 60 ദിവസത്തിനുള്ളില്‍ വിട്ടുനല്‍കാന്‍ വഴിയൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോര്‍ജിയ ഗവര്‍ണര്‍ സ്ഥാനാര്‍ഥി ബര്‍ട്ട് ജോണ്‍സിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ടെലിഫോണ്‍ റാലിയില്‍ സംസാരിക്കവെ ഇറാനുമായുള്ള യുദ്ധം താന്‍ അവസാനിപ്പിച്ചുവെന്നും സമാധാന കരാറിന്റെ അന്തിമ വ്യവസ്ഥകള്‍ക്ക് ഇറാന്റെ പരമോന്നത നേതൃത്വം സമ്മതം നല്‍കിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അന്തിമ ധാരണ ഇതുവരെ രൂപപ്പെട്ടിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

ഇറാന്റെ ചര്‍ച്ചാ സംഘവുമായി അടുത്ത ബന്ധമുള്ള ഒരു വൃത്തത്തെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കരട് ധാരണാപത്രം പ്രാബല്യത്തില്‍ വന്നാല്‍ 60 ദിവസത്തെ അന്തിമ ചര്‍ച്ചാ കാലയളവില്‍ ഇറാന്റെ മരവിപ്പിച്ച 24 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫണ്ടുകള്‍ ഘട്ടംഘട്ടമായി വിട്ടുനല്‍കും.

ഇതില്‍ 12 ബില്യണ്‍ ഡോളറോളം വരുന്ന തുക ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പുതന്നെ ഇറാന് ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഇറാനുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കരാര്‍ ഒപ്പുവെക്കാനാകുമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. കരാര്‍ ഒപ്പിടുന്ന ചടങ്ങ് യൂറോപ്പില്‍ നടന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആക്സിയോസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം  അമേരിക്ക- ഇറാന്‍ ധാരണാപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:

നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ 60 ദിവസത്തേക്ക് കൂടി നീട്ടുക, ലെബനനെയും കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നുകൊടുക്കുക, കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് യാതൊരു ടോള്‍ ഫീസും ഈടാക്കാതിരിക്കുക.

ആണവ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വിശദമായ വ്യവസ്ഥകള്‍ കരട് ധാരണാപത്രത്തിലുണ്ടെന്നും അത് അമേരിക്കയുടെ പ്രധാന ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതാണെന്നുമാണ് ആക്സിയോസിന്റെ റിപ്പോര്‍ട്ട്.

ഇറാന്റെ പരമോന്നത നേതൃത്വം കരാറിന് അംഗീകാരം നല്‍കിയതായി ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും പരമോന്നത നേതാവ് മൊജ്തബ ഖംനേയിയുടെ അന്തിമ അനുമതി ലഭിക്കാനുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം കരാറിന്റെ അന്തിമ രൂപത്തെക്കുറിച്ച് ഇറാന്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. അതിനാല്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്ക് വിരാമമിടുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്ന ഈ ധാരണ യാഥാര്‍ഥ്യമാകുമോ എന്നത് വരും ദിവസങ്ങളിലെ നയതന്ത്ര നീക്കങ്ങളെ ആശ്രയിച്ചിരിക്കും.

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായത്തിന് വഴിയൊരുക്കാന്‍ സാധ്യതയുള്ള ഈ കരാര്‍ ആഗോള എണ്ണ വിപണിയിലും മേഖലയുടെ സുരക്ഷാ സാഹചര്യത്തിലും നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.