അമേരിക്കൻ സേനയ്ക്ക് താവളങ്ങൾ നൽകിയാൽ 'ആക്രമണത്തിലെ പങ്കാളിത്തത്തിന് തുല്യം': ബ്രിട്ടന് ഇറാന്റെ മുന്നറിയിപ്പ്

അമേരിക്കൻ സേനയ്ക്ക് താവളങ്ങൾ നൽകിയാൽ 'ആക്രമണത്തിലെ പങ്കാളിത്തത്തിന് തുല്യം': ബ്രിട്ടന്  ഇറാന്റെ മുന്നറിയിപ്പ്


ബ്രിട്ടന് കടുത്ത മുന്നറിയിപ്പ് നൽകി ഇറാൻ . അമേരിക്കൻ സേനയ്ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചാൽ അത് 'ആക്രമണത്തിൽ നേരിട്ട് ഉള്ള പങ്കാളിത്തം' ആയി കണക്കാക്കുമെന്ന് ഇറാൻ വ്യക്തമാക്കി.

ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചിയും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി വൈവെറ്റ് കൂപ്പറും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയത്.

'ഇത്തരത്തിലുള്ള നടപടി രണ്ടു രാജ്യങ്ങളുടെയും ബന്ധത്തിന്റെ ചരിത്രത്തിൽ ആക്രമണ പങ്കാളിത്തമായി രേഖപ്പെടുത്തപ്പെടും' എന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിന് മുമ്പ്, യു.കെ സർക്കാർ അമേരിക്കയ്ക്ക് പരിമിതമായ രീതിയിൽ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രത്യേകിച്ച് സൈപ്രസിലെ വ്യോമസേനാ താവളങ്ങൾ നിരീക്ഷണത്തിനും പിന്തുണ പ്രവർത്തനങ്ങൾക്കുമായി യുഎസ് ഉപയോഗിക്കുന്നുവെന്നാണ് വിവരം.

പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സർക്കാർ ഒരുവശത്ത് ഇറാന്റെ ആക്രമണങ്ങളെ വിമർശിക്കുന്ന നിലപാട് സ്വീകരിക്കുമ്പോൾ, മറുവശത്ത് യുദ്ധത്തിൽ നേരിട്ട് ഇടപെടുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്ന നിലയിലാണ്.

തങ്ങളുടെ നടപടി പൂർണമായും പ്രതിരോധപരമാണെന്നും, ഗൾഫ് മേഖലയിലെ സ്വന്തം പൗരന്മാരുടെയും കൂട്ടാളികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണെന്നുമാണ് ബ്രിട്ടൻ  വ്യക്തമാക്കുന്നത്.

അതേസമയം, ബ്രിട്ടൻ കൂടുതൽ പിന്തുണ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഇതോടെ, യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാതെ തന്നെ സഖ്യരാജ്യങ്ങൾക്ക് പിന്തുണ നൽകേണ്ട അവസ്ഥയിൽ ബ്രിട്ടൻ കുടുങ്ങിയിരിക്കുകയാണ്. ഇറാൻഅമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഈ വിഷയം കൂടുതൽ സംഘർഷത്തിന് വഴിവെക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.